💢അറിവുകൾ ഒറ്റനോട്ടത്തിൽ💢
💫1. ഭൗതികശാസ്ത്രത്തിലെ എക്കാലത്തെയും ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്നായ ഗുരുത്വാകർഷണ സിദ്ധാന്തം എന്താണ് ?
💫2.കൊല്ലം ജില്ലയിൽ മാത്രം ഉപയോഗിക്കുന്ന ചില രസകരമായ വാക്കുകളും അതിന്റെ അർത്ഥവും ഏതൊക്കെയാണ്?
💫3.വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് അരുമ മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
💢 വിശദ വായന 💢
⭐ഭൗതികശാസ്ത്രത്തിലെ എക്കാലത്തെയും ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്നായ ഗുരുത്വാകർഷണ സിദ്ധാന്തം എന്താണ് ?
⭐
👉അമ്മയുടെ കൃഷിയിടത്തിലുണ്ടായ തികച്ചും സാധാരണമായ ഒരു അനുഭവമാണ് ലോകത്തിന്റെ ഗതി മാറ്റിമറിച്ച ഗുരുത്വാകർഷണ സിദ്ധാന്തം ആവിഷ്കരിക്കുന്നതിലേക്ക് ന്യൂട്ടനെ നയിച്ചത് എന്നൊരു കഥയുണ്ട്. കൃഷിയിടത്തിലിരിക്കുന്ന ന്യൂട്ടന്റെ തലയിലേക്ക് ഒരു ആപ്പിൾ വീണു എന്നാണ് കഥ. ആപ്പിളിനെ ഭൂമിയിലേക്കു വീഴാൻ പ്രേരിപ്പിക്കുന്ന അതേ ബലം തന്നെയല്ലേ ചന്ദ്രനെ വരുതിയിൽ നിർത്താൻ ഭൂമി പ്രയോഗിക്കുന്നത്? ഇതായിരുന്നു ന്യൂട്ടന്റെ ചിന്ത. ഗുരുത്വാകർഷണം എന്ന സങ്കൽപം അങ്ങനെ ഉദയം കൊണ്ടു.
ഗുരുത്വാകർഷണ സിദ്ധാന്തം ആവിഷ്കരിച്ചത് ന്യൂട്ടനാണെങ്കിലും ഈ കഥ സംഭവിച്ചതിന് തെളിവൊന്നുമില്ല.
പ്രപഞ്ചത്തിന്റെ ഘടനയും , ഗതിയും നിയന്ത്രിക്കുന്ന അടിസ്ഥാന ബലമാണ് ഗുരുത്വബലം. മുകളിലേക്കെറിഞ്ഞ കല്ല് താഴേക്കു വീഴുന്നു, കടൽജലത്തിന് വേലിയേറ്റമുണ്ടാകുന്നു,സൂര്യനെ ഗ്രഹങ്ങൾ ചുറ്റിക്കറങ്ങുന്നു, നക്ഷത്രാന്തര പൊടി പടലങ്ങളിൽനിന്ന് നക്ഷത്രങ്ങൾ പിറവിയെടുക്കുന്നു തുടങ്ങി ഒട്ടനവധി പ്രകൃതി പ്രതിഭാസങ്ങൾക്ക് നിദാനമായ ബലമാണിത്. പ്രപഞ്ചത്തിന്റെ
സ്ഥൂലഘടനയെ നിയന്ത്രിക്കുന്നത് ഗുരുത്വമാണെന്നു സാരം.
ഗുരുത്വാകർഷണ നിയമപ്രകാരം പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു. രണ്ടു വസ്തുക്കൾ തമ്മിലുള്ള ആകർഷണബലം അവയുടെ പിണ്ഡങ്ങളുടെ (Mass) ഗുണനഫലത്തിന് നേർ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്റെ വർഗത്തിന്റെ വിപരീതാനുപാതത്തിലുമായിരിക്കും. ഇതാണ് ഗുതുത്വാകർഷണ സിദ്ധാന്തത്തിന്റെ കാതൽ. 1666ലാണ് ന്യൂട്ടൻ ഗുതുത്വാകർഷണ സിദ്ധാന്തം പ്രസിദ്ധപ്പെടുത്തിയത്. ഇതനുസരിച്ച് ഗുതുത്വാകർഷണബലം F=Gm1m2/R2. ഇവിടെ G എന്നത് ഗുരുത്വാകർഷണസ്ഥിരാങ്കമാണ്. m1, m2 എന്നിവ വസ്തുക്കളുടെ പിണ്ഡവും (Mass), R അവ തമ്മിലുള്ള അകലവുമാണ്. G യുടെ മൂല്യം 6.67x10-11 Nm2 Kg -2 ആണ്. ന്യൂട്ടന്റെ കാലശേഷം 1798ൽ ഹെൻറി കാവൻഡിഷ് ആണ് ഇത് കണ്ടുപിടിച്ചത്.സൂര്യൻ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വാകർഷണബലമാണ് അതിനെ സൂര്യന് ചുറ്റും കറക്കുന്നത്. ചന്ദ്രൻ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വാകർഷണബലമാണ് വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നത്
.അതോടൊപ്പം, ഇത് ഭൂമിയിൽ ഒരു ബ്രേക്ക് പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. തൽഫലമായി ഭൂമിയുടെ ഭ്രമണവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി ദിനത്തിന്റെ ദൈർഘ്യം കൂടിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഇത് വളരെ കുറഞ്ഞ തോതിലാണെന്നു മാത്രം. ഏതാണ്ട് 50,000 വർഷം കൊണ്ട് ഒരു സെക്കൻഡ് എന്ന തോതിലാണ് ഭുമിയിലെ ദിനത്തിന്റെ ദൈർഘ്യം കൂടുന്നത്. മറ്റൊരു കൗതുകം കൂടിയുണ്ട്. ചന്ദ്രൻ നമ്മുടെ നേരെ തലക്കുമുകളിൽ വരുമ്പോൾ ചന്ദ്രന്റെ ഗുരുത്വാകർഷണം മൂലം നമ്മുടെ ഭാരത്തിലും നേരിയ കുറവുവരുന്നുണ്ട്.
ഭൗതികശാസ്ത്രത്തിലെ എക്കാലത്തെയും ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്നാണ് ഗുരുത്വാകർഷണ സിദ്ധാന്തം. ടെലിവിഷൻ, ഇൻറർനെറ്റ് എന്നിവ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാനാവുമോ? ഇവ സാധ്യമാക്കിയത് കൃത്രിമോപഗ്രഹങ്ങളാണ്. കൃത്രിമോപഗ്രഹങ്ങളുടെ വിക്ഷേപണം, അവയുടെ പഥവും വേഗതയും നിശ്ചയിക്കൽ,ബഹിരാകാശ–ചാന്ദ്രയാത്രകൾ, അന്യഗ്രഹ പര്യവേക്ഷണങ്ങൾ എന്നിവയെല്ലാം സാധ്യമായത് സർ ഐസക് ന്യൂട്ടൻ ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടുപിടിച്ചതോടെയാണ്. ന്യൂട്ടനുപുറമെ കെപ്ലറും , കോപ്പർ നിക്കസും , ഐൻസ്റ്റൈനുമെല്ലാം ഗുരുത്വാകർഷണത്തെക്കുറിച്ച് ഗവേഷണം നടത്തിയവരാണ്. (ഗുരുത്വാകർഷണബലത്തിന് ദ്രവ്യത്തെ മാത്രമല്ല, പ്രകാശത്തെക്കൂടി ആകർഷിക്കാൻ കഴിയുമെന്ന സിദ്ധാന്തം മുന്നോട്ടുവെച്ചത് ഐൻസ്റ്റൈനാണ്.) ഗുരുത്വാകർഷണത്തിന്റെ എല്ലാ നൂലാമാലകളും അനാവരണം ചെയ്യാൻ നമുക്കിന്നും സാധിച്ചിട്ടില്ല. അതിനാൽ, ഇനിയും ഒരുപാട് ഗവേഷണവാതിലുകൾ അത് തുറന്നിടുന്നു.
⭐ കൊല്ലം ജില്ലയിൽ മാത്രം ഉപയോഗിക്കുന്ന ചില രസകരമായ വാക്കുകളും അതിന്റെ അർത്ഥവും ഏതൊക്കെയാണ്?⭐
👉ഒരുപാട് പ്രാദേശിക ഭാഷാ വകഭേദങ്ങൾ ഉള്ള ഒരു സ്ഥലമാണ് കൊല്ലം ജില്ല. പലരും കരുതുന്നത് കൊല്ലത്തുള്ളവർ തിരുവനന്തപുരം സ്‌ലാങ് ആണ് സംസാരിക്കുന്നത് എന്നാണ്.എന്നാൽ കൊല്ലത്തിനു തനതായ ഒരു സംസാര ശൈലി ഉണ്ട്. അതിൽ ഒരുപാട് വ്യത്യസ്തമായ പദപ്രയോഗങ്ങളും ഉണ്ട്.
പൊതുവെ പാരിപ്പള്ളി - പരവൂർ - കടയ്ക്കൽ ഭാഗത്തുള്ളവർ സംസാരിക്കുമ്പോൾ തിരുവനന്തപുരം ശൈലി പോലെ തോന്നുന്ന ഒരു ഭാഷ ആണ്.കരുനാഗപ്പള്ളി - ഓച്ചിറ - ചക്കുവള്ളി പ്രദേശങ്ങളിൽ എല്ലാം വേറൊരു സംസാര രീതിയാണ് കാണപ്പെടുന്നത്. അത് കൂടുതലും ഓണാട്ടുകര പ്രദേശത്തു ഉള്ള സംസാര രീതി പോലെ ആണ്.കൊട്ടാരക്കര - പുനലൂർ -പത്തനാപുരം ഭാഗത്ത് തെക്കൻ പത്തനംതിട്ടയുടെ ഭാഗമായ കോന്നി അടൂർ പ്രദേശങ്ങളിലും ഒരേ പോലെ ഉള്ള ഒരു സംസാര രീതിയാണ്. ഈ മൂന്ന് രീതികളിലും ചെറിയ ചെറിയ വ്യത്യാസം ഉണ്ട്. കൊല്ലത്തുള്ള ഒരാൾക്ക് ശ്രദ്ധിച്ചു കേൾക്കുമ്പോൾ ഈ വ്യത്യാസം പിടികിട്ടും.ഇനി വാക്കുകളിലേക്ക് വരാം...
✨1. പോച്ച പറിച്ചു - പുല്ല് ചെത്തി
✨2. അയ്യം - പറമ്പ്
✨3. ഊപ്പാട് വന്നു - ക്ഷീണിച്ചു
✨4. തോനേം - ഒത്തിരി /ഒരുപാട്
✨5. പന്നല് - മോശം, ചീത്തയായത്
✨6. പൊത്താൻ/ചൂട്ടും കൊതുമ്പും - വിറക്
✨7. കാട്ട അടിച്ചു - വിളിക്കാത്ത കല്യാണത്തിന് പോയി ഉണ്ടു.
✨8. നീമാര് - നിങ്ങൾ (കരുനാഗപ്പള്ളി ഭാഷ)
✨9. മീൻ കണ്ടിച്ചു - മീൻ മുറിച്ചു
✨10. അളിയാ - buddy/ചങ്ങാതി etc..
✨11. ലവൻ,ലവൾ - അവൻ,അവൾ
✨12. ചീനി - കപ്പ/മരച്ചീനി
✨13. തൊല്ല - trouble
✨14. കേന്തി അടിച്ചു ഇരിക്കുക - irritate/disappointed ആയി ഇരിക്കുക.
✨15. പത്തിരിയും എറച്ചിയും - പൊറോട്ടയും ബീഫും
✨16. ചേഴക്കാരൻ - അനന്തരവൻ
✨17. തൊഴുമ്പ് - ചെളി
✨18. കെറീച്ചു/കെറുവിച് - പിണങ്ങി
✨19. നല്ലപ്പം - ആദ്യമായിട്ട്
✨20. എരിത്തിൽ/എരുത്തിൽ/കളീൽ - തൊഴുത്ത്
✨21. മലക്കറി - പച്ചക്കറി
✨22. വെള്ളം അനത്തി - വെള്ളം ചൂടാക്കി
✨23. കത്താൾ/ കൊടുവാൾ - MACHETTE / വെട്ടു കത്തി
✨24. നെച്ചട്ടി/നെയ്-ചട്ടി - മൺചട്ടി (മീൻകറി ഒക്കെ വക്കുന്ന )
⭐വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് അരുമ മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?⭐
👉പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്കു മടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പലപ്പോഴും മാനസിക വേദന നൽകുന്ന ഒന്നാണ് തങ്ങളുടെ അരുമ മൃഗങ്ങളെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ കഴിയില്ല എന്നുള്ളത്.എന്നാൽ, 2014 ജൂൺ 10ന് പുറത്തിറങ്ങിയ ഉത്തരവു പ്രകാരം രണ്ടു രീതിയിൽ അരുമകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാം.
⚡ബാഗേജിനൊപ്പം പെറ്റ്സിനെ കൊണ്ടുവരാം എന്നതാണ് ഒരു രീതി.
⚡ഡിജിഎഫ്ടി (ഡയറ്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്) ലൈസൻസ് എടുത്തു കൊണ്ടുവരുന്നതാണ് രണ്ടാമത്തെ രീതി.
രണ്ടു രീതിയിലും ഇറക്കുമതി ചെയ്യാമെങ്കിലും ചില നടപടിക്രമങ്ങളുണ്ട്.
✨പെറ്റ്സ് എന്ന ഗണത്തിൽ നായയെയും, പൂച്ചയെയും മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
✨കുറഞ്ഞത് 2 വർഷമെങ്കിലും വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള ഒരു വ്യക്തിക്ക് രണ്ടു ജീവികളെ ഇത്തരത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയും. അത് രണ്ട് നായ്ക്കളോ, രണ്ട് പൂച്ചകളോ അതോ ഓരോ പൂച്ചയും ,നായയും ആവാം.
✨പക്ഷേ ഈ സംവിധാനം എല്ലാ വിമാനത്താവളങ്ങളിലും പറ്റില്ല.
ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങൾ വഴി മാത്രമേ അരുമകളെ കൊണ്ടുവരാൻ കഴിയൂ. ഇവിടെയാണ് എക്യുസിഎസ് (ആനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ്) സംവിധാനമുള്ളത്. ലൈവ് സ്റ്റോക്ക് ഇറക്കുമതിയുടെ നടപടിക്രമങ്ങൾ എക്യുസിഎസ് വഴിയാണ് നടക്കുക.
📌ഇനി ആവശ്യമായ രേഖകൾ ഇവയൊക്കെയാണ്
✨വിദേശത്ത് രണ്ടു വർഷം താമസിച്ചതിന്റെ രേഖ.
✨ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നതിന്റെ രേഖ.
✨ബാഗേജിനൊപ്പമാണെങ്കിൽ ഉടമയുടെ ടിക്കറ്റ്.
✨ബാഗേജിനൊപ്പം അല്ലെങ്കിൽ ഉടമ ഇന്ത്യയിൽ തിരിച്ചെത്തി ഒരു മാസത്തിനുള്ളിൽ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിച്ച പാസ്പോർട്ട് കോപ്പി.
✨ഉടമ എത്തിയതിന് ഒരു മാസത്തിനു ശേഷമോ, എത്തുന്നതിനു മുമ്പോ അയയ്ക്കുകയാണെങ്കിൽ പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.
📌ഇനി പൊതുവായി കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്
✨പൂച്ചയോ ,നായയോ ഉള്ള പ്രദേശത്തുനിന്ന് പേ (റാബിസ്), കനൈൻ ഡിസ്റ്റെംപർ, പാർവോ വൈറസ് അണുബാധ, എലിപ്പനി, കരൾവീക്കം (കനൈൻ ഹെപ്പറ്റൈറ്റിസ്), ത്വക്ക് രോഗങ്ങൾ, ലെയ്ഷ്മാനിയാസിസ് തുടങ്ങിയ രോഗലക്ഷണങ്ങൾ ഇല്ല എന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്.
✨നായ (മൂന്നു മാസം പ്രായത്തിനു മുകളിൽ), പൂച്ച എന്നിവയ്ക്ക് പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ്പ് കൊണ്ടുവരുന്നതിന് ഒരു മാസം മുമ്പെങ്കിലും എടുത്തിരിക്കണം.
✨വാക്സിനേഷൻ വിവരങ്ങൾ അടങ്ങിയ രേഖകൾ ഹാജരാക്കണം. ആരോഗ്യ വിവരങ്ങൾ പരാമർശിക്കുന്ന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയാൽ മതി.
✨ഹെൽത്ത് സർട്ടിഫിക്കറ്റിലുള്ള ഉടമയുടെ പേരുതന്നെയായിരിക്കണം ടിക്കറ്റിലും ഉണ്ടായിരിക്കേണ്ടത്.
✨ഉടമയുടെ പേരും, താമസിക്കുന്ന സ്ഥലത്തെ വിലാസവും, കൊണ്ടുവരേണ്ട രാജ്യത്തെ (ഇറക്കുമതി) വിലാസവും, ഹെൽത്ത് സർട്ടിഫിക്കറ്റിൽ പരാമർശിച്ചിരിക്കണം.
✨വാണിജ്യം, സമ്മാനം, പ്രജനനം എന്നിവയ്ക്കുവേണ്ടിയല്ല പൂച്ച/നായ എന്നിവയെ കൊണ്ടുവരുന്നത് എന്ന സാക്ഷ്യപത്രം.
✨അധിക ഭക്ഷണം, കൂട് തുടങ്ങിയവ യാത്രയിൽ അനുവദിക്കില്ല.
✨ടിക്കറ്റ്/അരുമയുടെ യാത്രാ വിവരങ്ങൾ (യാത്ര കാർഗോയിലാണെങ്കിൽ)
ഉടമ നേരിട്ടല്ലെങ്കിൽ ഉടമയുടെ അനുമതിപത്രം.
✨വാണിജ്യം ലക്ഷ്യമിട്ട് പ്രജനനാവശ്യത്തിനായി നായ്ക്കളെ ഇറക്കുമതി ചെയ്യുന്നതിന് അനുമതിയില്ല. അല്ലാത്തപക്ഷം, ബാഗേജ് റൂളിൽ ഉൾപ്പെടാത്തവയെ ഡിജിഎഫ്ടി ലൈസൻസ് വഴി ഇറക്കുമതി ചെയ്യാം.
✨കൂടുതൽ വിവരങ്ങൾക്ക് dgft@nic.in, http://dgft.gov.in.
എന്ന വെബ്ബ് സൈറ്റിൽ ലൈസൻസിന് ആവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയതിനുശേഷം എക്യുസിഎസ് (ആനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ്) എൻഒസിക്കുവേണ്ടി അപേക്ഷിക്കുക.
📌ഉടമയ്ക്കൊപ്പം ആണ് മൃഗങ്ങൾ ഇന്ത്യയിൽ എത്തുന്നതെങ്കിൽ
✨എല്ലാ ഒറിജിനൽ രേഖങ്ങളും എക്യുസിഎസിന്റെ മുന്നിൽ ഹാജരാക്കണം. ശാരീരിക പരിശോധനകൾക്കുശേഷം ക്ലിയറൻസ് ഇഷ്യു ചെയ്യും.
✨അവസാന ക്ലിയറൻസ് ലഭിച്ച് 30 ദിവസം അരുമ ഹോം ക്വാറന്റൈനിൽ ആയിരിക്കണം.
✨എക്യുസിഎസിന്റെ അനുമതിപത്രം/എൻഒസി ഇല്ലാതെ ഒരു വിമാനക്കമ്പനിയും ജീവികളെ വിമാനത്തിൽ കയറ്റില്ല.
💢 വാൽ കഷ്ണം💢
✨എക്യുസിഎസ്✨:മറ്റൊരു രാജ്യത്തു നിന്ന് മൃഗങ്ങളെയോ, പക്ഷികളെയോ ഇറക്കുമതി ചെയ്യുമ്പോൾ അവയ്ക്കൊപ്പം രോഗങ്ങളും കടന്നുവരുന്നില്ല എന്ന് ഉറപ്പുവരുത്തുന്ന സർക്കാർ ഏജൻസിയാണ് ആനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസ് (എക്യുസിഎസ്). വിദേശത്തുനിന്ന് ജീവജാലങ്ങളെ ഇറക്കുമതി ചെയ്യുമ്പോൾ അവയ്ക്ക് രോഗങ്ങളില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ക്വാറന്റൈൻ ചെയ്ത് നിരീക്ഷിക്കുന്നത് എക്യുസിഎസ് ആണ്. രാജ്യത്ത് പ്രധാനമായും ആറ് ക്വാറന്റൈൻ സ്റ്റേഷനുകളാണ് എക്യുസിഎസിനുള്ളത്. മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലുള്ള ക്വാറന്റൈൻ സ്റ്റേഷനുകൾ വഴി ജന്തുജന്യ രോഗങ്ങൾ രാജ്യത്തേക്ക് കടക്കാതെ എക്യുസിഎസ് ശ്രദ്ധിക്കുന്നു.
📌കടപ്പാട്
Social Plugin