Type Here to Get Search Results !

സിഗ്നൽ ആപ്പ് - വാട്സ്ആപ്പിന് ഒരു യഥാർത്ഥ പകരക്കാരനോ??



വാട്സ്ആപ്പ് സ്വകാര്യത നയത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ. പുതുവർഷത്തിൽ സ്വകാര്യതാ നയം മാറ്റിയതാണ് ഉപയോക്താക്കൾക്കിടയിൽ ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പിനെ അപ്രിയമാക്കിയത്. ഇപ്പോൾ വാട്സാപ്പിന് പകരക്കാരൻ എന്ന നിലയിലാണ് സിഗ്നൽ ആപ്പ് ജനപ്രിയമാകുന്നത്. വാട്സാപ്പിന് പകരം സിഗ്നൽ ഉപയോഗിക്കാമെന്ന, ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ഇലോണ്‍ മസ്‌കിന്റെ ആഹ്വാനം പുറത്തുവന്നതിനു പിന്നാലെ സിഗ്നൽ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയർന്നെന്നാണ് റിപ്പോർട്ട്.വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയശേഷം സാമൂഹ്യ മാധ്യമങ്ങളിലടക്കം പലരും മുന്നോട്ടുവയ്ക്കുന്ന ആശയമാണ് പകരം മറ്റേതെങ്കിലും മെസഞ്ചർ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുകയെന്നത്. സിഗ്നൽ എന്ന മെസഞ്ചർ ആപ്പിന്റെ പേരാണ് കൂടുതലായി ഉയർന്നു വരുന്നത്.“വാട്സ്ആപ്പ് ഒഴിവാക്കുക, സിഗ്നലിലേക്ക് മാറുക,” (Ditch WhatsApp, switch to Signal) എന്ന വഴിയാണ് വാട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയ ശേഷം പലരും സ്വീകരിച്ചത്. കൂടുതൽ ആളുകളുടെ കുത്തൊഴുക്ക് വന്നതോടെ സിഗ്നലിന്റെ സെർ‌വറുകൾ‌ക്ക് അത് കൈകാര്യം ചെയ്യാൻ‌ കഴിയാത്ത അവസ്ഥയും വന്നു. ഇത് കാരണം ഒടിപി നമ്പറുകൾ ലഭിക്കുന്നതിനടക്കം കാലതാമസമുണ്ടായി. ഈ പ്രശ്‌നം പരിഹരിച്ചതായാണ് വിവരം.

കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പാണ് സിഗ്നല്‍. 2014 ൽ പ്രവർത്തനം ആരംഭിച്ച സിഗ്നലിന് നിരവധി ഉപയോക്താക്കളുണ്ട്. സിഗ്നല്‍ ഫൗണ്ടേഷന്‍ എന്നതൊരു ലാഭേതര സംഘടന കൂടിയാണ്.


തുടക്കം


സിഗ്നൽ ഫൗണ്ടേഷനും നോൺ പ്രോഫിറ്റ് കമ്പനിയായ സിഗ്നൽ മെസഞ്ചർ എൽ‌എൽ‌സിയും ചേർന്നാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. അമേരിക്കൻ ക്രിപ്റ്റോഗ്രാഫറും നിലവിൽ സിഗ്നൽ മെസഞ്ചറിന്റെ സിഇഒയുമായ മോക്സി മാർലിൻസ്പൈക്കും വാട്ട്‌സ്ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്ടണും ചേർന്നാണ് ആപ്ലിക്കേഷൻ സൃഷ്ടിച്ചത്.

 2017 ൽ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ച ആക്‍ടൺ, സിഗ്നലിന് ധനസഹായം നൽകാൻ ഏകദേശം 50 ദശലക്ഷം ഡോളർ ചെലവഴിച്ചു.

 ബ്രയാന്‍ ആക്ടണും ജാന്‍ കോമും ചേര്‍ന്ന്  ആരംഭിച്ച വാട്‌സാപ്പ് 2014 ലാണ് ഫേസ്ബുക്ക് ഏറ്റെടുത്തത്. തുടർന്ന് ഫേസ്ബുക്കുമായുള്ള ഭിന്നതയിൽ ബ്രയാന്‍ ആക്ടണും ജാന്‍ കോമും കമ്പനി വിടുകയായിരുന്നു.


എന്താണ് സിഗ്നൽ ആപ്പ്


എന്താണ് സിഗ്നൽ ആപ്പ് എന്ന് പലർക്കും സംശയം തോന്നുന്നുണ്ടാവാം. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മെസേജിങ് ആപ്ലിക്കേഷനാണിത്. 2014 മുതൽ ആപ്പ് പ്രവർത്തിക്കുന്നുണ്ട്. എഡ്വേർഡ് സ്നോഡൻ, മുൻ വാട്ട്‌സ്ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്ടൺലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഇലോണ്‍ മസ്‌ക് എന്നിവർ ഈ അപ്ലിക്കേഷനെ പ്രശംസിച്ചവരിൽ ഉൾപ്പെടുന്നു.സ്വകാര്യതയോട് ഹലോ പറയുക’ എന്നതാണ് സിഗ്നലിന്റെ ടാഗ്‌ലൈൻ. കൂടാതെ സേവനം വാട്ട്‌സ്ആപ്പ് പോലെ തന്നെ എൻഡു എൻഡ് എൻ‌ക്രിപ്റ്റ് ചെയ്യുന്നു. വാസ്തവത്തിൽ, വാട്ട്‌സ്ആപ്പ് അതിന്റെ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ സവിശേഷതയ്ക്കായി സിഗ്നൽ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നുമുണ്ട്. ഐഫോൺ, ഐപാഡ്, ആൻഡ്രോയ്ഡ്, വിൻഡോസ്, മാക്, ലിനക്സ് എന്നിവയ്‌ക്കായി ലഭ്യമായ മെസേജിങ് അപ്ലിക്കേഷനാണ് സിഗ്നൽ.


സവിശേഷതകൾ


ആപ്ലിക്കേഷൻ പൂർണമായും സൗജന്യമായി ഉപയോഗിക്കാം. മറ്റ് മെസേജിങ് ആപ്ലിക്കേഷനുകൾക്കു സമാനമായി സന്ദേശങ്ങൾ അയയ്‌ക്കാനും സുഹൃത്തുക്കളുമായി ഓഡിയോ, വീഡിയോ കോളുകൾ നടത്താനും ഫോട്ടോകളും വീഡിയോകളും ലിങ്കുകളും പങ്കിടാനും സിഗ്നലിലൂടെ സാധിക്കും. അടുത്തിടെ 2020 ഡിസംബറിൽ ഗ്രൂപ്പ് വീഡിയോ കോളിംഗ് ഓപ്ഷനും സിഗ്നൽ അവതരിപ്പിച്ചു. സിഗ്നലിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കാനും കഴിയും. അവയിൽ അംഗങ്ങളുടെ എണ്ണം പരമാവധി 150 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.നിങ്ങൾ ഒരു ഗ്രൂപ്പ് സൃഷ്ടിക്കുകയാണെങ്കിൽ,എല്ലാവരേയും ഗ്രൂപ്പിലേക്ക് ഓട്ടോമാറ്റിക്കായി ചേർക്കുന്നില്ല. ആളുകൾക്ക് ഒരു ക്ഷണം അയയ്‌ക്കുകയും ഗ്രൂപ്പിൽ ചേരുന്നതിനുള്ള ക്ഷണം അവർ സ്വീകരിക്കുകയും വേണം. വാട്‌സ്ആപ്പിൽ നിങ്ങളുടെ കോൺടാക്റ്റ് ഉള്ള ഒരാൾക്ക് നിങ്ങളെ നേരിട്ട് ഒരു ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയും. നിങ്ങൾ വാട്ട്‌സ്ആപ്പിലെ ക്രമീകരണം മാറ്റുന്നില്ലെങ്കിൽ, ആർക്കും നിങ്ങളെ നേരിട്ട് ഗ്രൂപ്പിൽ ചേർക്കാൻ കഴിയും.

സന്ദേശങ്ങൾക്ക് വ്യക്തിഗതമായി മറുപടി നൽകാനും ഒരു പ്രത്യേക സന്ദേശത്തിലേക്ക് ഇമോജി അടിസ്ഥാനമാക്കിയുള്ള പ്രതികരണങ്ങൾ അയയ്ക്കാനും സിഗ്നലിൽ കഴിയും.  ‘എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യുക’ ഓപ്ഷൻ തിരഞ്ഞെടുത്ത് ചാറ്റിൽനിന്ന് ഒരു പ്രത്യേക സന്ദേശം ഇല്ലാതാക്കാനും സിഗ്നലിൽ കഴിയും. വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള മറ്റ് മെസഞ്ചർ അപ്ലിക്കേഷനുകളിലും കാണുന്ന സവിശേഷതകളാണ് ഇവയെല്ലാം.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ അയയ്ക്കാനുള്ള ഫീച്ചറും സിഗ്നലിന് ഉണ്ട്. ഓരോ വ്യക്തിഗത ചാറ്റിനുമായി നിങ്ങൾക്ക് അപ്രത്യക്ഷമായ സന്ദേശങ്ങൾ സജ്ജമാക്കാനും 5 സെക്കൻഡ് മുതൽ ഒരാഴ്ച വരെയുള്ള സമയം അപ്രത്യക്ഷമാവുന്നതിനുള്ള സമയപരിധിയായി തിരഞ്ഞെടുക്കാനും കഴിയും.നിങ്ങളുടെ ഐപാഡിലോ ലാപ്ടോപ്പിലോ സിഗ്നൽ ഉപയോഗിക്കാം, കൂടാതെ നിങ്ങളുടെ ഫോണിലെ അക്കൗണ്ടിലേക്ക് അക്കൗണ്ട് ലിങ്ക് ചെയ്യാനും കഴിയും. എന്നാൽ നിങ്ങൾ ലിങ്ക് ചെയ്യുമ്പോൾ ചാറ്റ് ഹിസ്റ്ററി കൈമാറില്ല. നിങ്ങളുടെ ഫോണിലോ അല്ലെങ്കിൽ സിഗ്നൽ ഉപയോഗിക്കുന്ന മറ്റ് ഉപകരണത്തിലോ ആണ് ചാറ്റ് ഹിസ്റ്ററി ശേഖരിക്കുക എന്നതിനാലാണിത്.


സ്വകാര്യത


സിഗ്നലിന്റെ ശ്രദ്ധ പൂർണമായും സ്വകാര്യതയിലാണ്. “നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ ഉള്ളടക്കമോ ഏതുവിധേനയും വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ധനസമ്പാദനം നടത്തുകയോ ചെയ്യുന്നില്ല” എന്ന് അപ്ലിക്കേഷൻ വ്യക്തമാക്കുന്നു. ആപ്ലിക്കേഷൻ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ വാഗ്ദാനം ചെയ്യുക മാത്രമല്ല, ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യാതെ ഏറ്റവും കുറഞ്ഞ ഉപയോക്തൃ ഡേറ്റ മാത്രം ശേഖരിക്കുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുകയും ചെയ്യുന്നു. സ്വകാര്യതയിൽ കേന്ദ്രീകരിച്ചുള്ള സവിശേഷതകൾ സിഗ്നലിന് ധാരാളമുണ്ട്. നിങ്ങളുടെ കോൺ‌ടാക്റ്റിലുള്ളവർക്ക് നിങ്ങളുടെ ഐ‌പി വിലാസം വെളിപ്പെടുത്താതിരിക്കാൻ ‘റിലേ കോളുകൾ’ ഓപ്ഷൻ സിഗ്നലുകളുടെ സ്വകാര്യത ക്രമീകരണത്തിന്റെ ഭാഗമായി കാണാം. അവിടെ കോളുകൾ ഒരു സിഗ്നൽ സെർവർ വഴി പോകുന്നു. എന്നാൽ ഇത് പ്രവർത്തനക്ഷമമാക്കുമ്പോൾ സിഗ്‌നൽ കോൾ നിലവാരം കുറയ്‌ക്കുന്നുണ്ട്. മാത്രമല്ല ഇത് എല്ലാവർക്കും ആവശ്യമായി വരില്ല.


       റീഡ് റെസീപ്റ്റുകൾ ഓണാക്കാനോ ഓഫാക്കാനോ ഉള്ള ഓപ്ഷനും ഇതിലുണ്ട്. നിങ്ങൾ മറ്റൊരാളുടെ സന്ദേശങ്ങൾ വായിക്കുമ്പോൾ അത് അവർക്ക് മനസ്സിലാകുന്ന തരത്തിൽ ബ്ലൂ ടിക്കുകളോ മറ്റ് ചിഹ്നങ്ങളോ നൽകുന്ന ഫീച്ചറാണ് റീഡ് റെസീറ്റ്.

       ഒരു സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ ടൈപ്പ് ചെയ്യുന്നുവെന്ന് കാണിക്കുന്ന ടൈപ്പിങ് സൂചകങ്ങൾ ഓണാക്കാനോ ഓഫാക്കാനോ ഉള്ള ഓപ്ഷനും ആപ്പിലുണ്ട്. വാട്ട്‌സ്ആപ്പിൽ കാണുന്നതുപോലെ നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ അത് മറ്റുള്ളവർക്ക് മനസിലാക്കാൻ സഹായിക്കുന്ന ഓൺലൈൻ ഓഫ്‌ലൈൻ  സ്റ്റാറ്റസ് പോലുള്ള സവിശേഷതകളൊന്നും സിഗ്നലിലില്ല.

        വെബ്‌സൈറ്റുകളിൽ നിന്നുള്ള ലിങ്കുകൾ അയക്കുമ്പോൾ അവയുടെ പ്രിവ്യൂകൾ ഓഫ് ചെയ്യാനും സിഗ്നലിൽ കഴിയും.

     നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ നിങ്ങൾക്ക് ഒരു സുരക്ഷാ പിൻ നൽകാനും കഴിയും.


       സിഗ്‌നലിന് ഒരു സ്‌ക്രീൻ ലോക്ക് ഫീച്ചറുണ്ട്. അവിടെ നിങ്ങൾക്ക് അപ്ലിക്കേഷൻ ആക്‌സസ് ചെയ്യാൻ ടച്ച് ഐഡി, ഫെയ്‌സ്‌ ഐഡി അല്ലെങ്കിൽ നിങ്ങളുടെ ഉപകരണത്തിന്റെ പാസ്‌കോഡ് ഉപയോഗിക്കാം. സ്ക്രീൻ ലോക്ക് എനേബിൾ ചെയ്തിരിക്കുമ്പോഴും ഇൻകമിങ് കോളുകൾക്കും മെസേജ് നോട്ടിഫിക്കേഷനുകൾക്കും ഉത്തരം നൽകാനും കഴിയും.

       

         ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ സിഗ്നൽ ആപ്ലിക്കേഷന്റെ സ്വകാര്യത വിവരങ്ങൾ നോക്കുകയാണെങ്കിൽ, ശേഖരിക്കുന്ന ഒരേയൊരു ഡേറ്റ ‘കോൺടാക്റ്റ് വിവരം’ അഥവാ ഫോൺ നമ്പർ മാത്രമാണ്. ഇത് “ഒരിക്കലും തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാനോ സംഭരിക്കാനോ രൂപകൽപ്പന ചെയ്തിട്ടില്ല,” എന്ന് സിഗ്നലിന്റെ സ്വകാര്യതാ നയത്തിൽ പറയുന്നു. ആപ്ലിക്കേഷനിലെ എല്ലാ സന്ദേശങ്ങളും കോളുകളും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്തിരിക്കുന്നു, അതായത് മൂന്നാം കക്ഷിക്ക് അല്ലെങ്കിൽ സിഗ്നലിന് അവ ആക്സസ് ചെയ്യാൻ കഴിയില്ല.


      ആപ്ലിക്കേഷൻ അതിന്റെ സെർവറുകളിൽ ചില അധിക സാങ്കേതിക വിവരങ്ങളും സംഭരിക്കുന്നു, അതിൽ “ക്രമരഹിതമായി ജനറേറ്റ് ചെയ്‌ത ഓതെന്റിക്കേഷൻ ടോക്കണുകൾ, കീകൾ, പുഷ് ടോക്കണുകൾ, കോളുകൾ സ്ഥാപിക്കുന്നതിനും സന്ദേശങ്ങൾ കൈമാറുന്നതിനും ആവശ്യമായ മറ്റ് മെറ്റീരിയലുകൾ” എന്നിവ ഉൾപ്പെടുന്നു എന്നും സ്വകാര്യതാ നയത്തിൽ പറയുന്നു. “ഈ അധിക സാങ്കേതിക വിവരങ്ങൾ‌ സേവനങ്ങൾ‌ പ്രവർ‌ത്തിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ കാര്യങ്ങളിലേക്ക് പരിമിതപ്പെടുത്തുന്നു” എന്ന് കമ്പനി പറയുന്നു.


         വാട്സാപ്പ് മെസഞ്ചര്‍ അരങ്ങ് വാഴുന്ന ഈ കാലത്തും കൂടുതല്‍ സുരക്ഷിതമായ ഒരു മെസഞ്ചര്‍ ആപ്പിന്റെ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം ആഗ്രഹിക്കാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രേമികള്‍ക്കും പ്രൈവസി ആക്ടിവിസ്റ്റുകൾക്കും ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ 'സിഗ്നല്‍' ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഏറെ ശ്രദ്ധ നേടുന്നു.


       നവംബര്‍ 2 ന് പ്ലേസ്റ്റോറില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ട സിഗ്നലിന്റെ ഏറ്റവും പുതിയ വെര്‍ഷന്‍ 'സിഗ്നല്‍ 3.1.1' ആണ്. ഇതുവരെ 10 ലക്ഷം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ സിഗ്നല്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. 13.68 എം.ബി. വലുപ്പമുള്ള ഈ ആപ്പ് 'ഓപ്പണ്‍ വിസ്പര്‍ സിസ്റ്റ'മാണ് അവതരിപ്പിച്ചിരിക്കുന്നത്.


ഫ്രീ ആന്‍റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ മെസഞ്ചറില്‍ മെസേജുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി മികച്ച ക്രിപ്റ്റോഗ്രഫിക് പ്രോട്ടോകോള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിലെ ഫോണ്‍ അഡ്രസ് ബുക്കിലെ സിഗ്നല്‍ ഉപഭോക്താക്കളുമായി സംവദിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ മെസഞ്ചർ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്.


       സോഴ്സ് കോഡ് ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ഈ മെസഞ്ചര്‍ സേവനം ക്രിസ്റ്റല്‍ ക്ലിയര്‍ വോയ്സ് കാളുകള്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ടാബ്ലറ്റ് പി.സി.കളില്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത ഈ മെസഞ്ചര്‍ ആപ്പ് വളരെ വേഗത്തില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ നിങ്ങളെ സഹായിക്കും. ഓരോ മെസേജിനും പ്രത്യേകം പ്രത്യേകം എൻക്രിപ്ഷൻ പ്രോട്ടോകോള്‍ ഉപയോഗിച്ച് ചാറ്റിങ് സുരക്ഷിതമാക്കുന്നത് സിഗ്നലിന്റെ എടുത്തു പറയാനുള്ള സവിശേഷതയാണ്.

   

വാട്സ്ആപ്പ്, നിബന്ധനകളിൽ നിന്നും  പിന്മാറുമോ?


പല ഉപയോക്താക്കളും ബദൽ മാർഗങ്ങൾ തേടിയതോടെയാണ് നിബന്ധനകളിൽ നിന്നും കമ്പനി പിന്നാക്കം പോകുന്നുവെന്ന് റിപ്പോർട്ട്.

ഉപയോക്താക്കളിൽ നിന്നും ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിൽ വാട്സാപ്പ് ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകളിൽ നിന്നും പിൻവാങ്ങി ഫേസ്ബുക്ക്. ഫെബ്രുവരി എട്ട് മുതല്‍ പുതിയ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിനിടെ പല ഉപയോക്താക്കളും ബദൽ മാർഗങ്ങൾ തേടിയതോടെയാണ് നിബന്ധനകളിൽ നിന്നും കമ്പനി പിന്നാക്കം പോയതെന്നാണ് റിപ്പോർട്ട്.പുതിയ നിബന്ധനകൾ സാധാരണ ഉപയോക്താക്കൾക്കല്ല ബിസിനസ് വാട്സാപ്പ് ഉപയോക്താക്കളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഫേസ്ബുക്ക് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണഗതിയിലുള്ള ചാറ്റുകളെ ഇത് ബാധിക്കില്ലെന്നും അവർ പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സാപ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറഞ്ഞിരുന്നത്.എന്നാൽ .ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് നുഴഞ്ഞു കയറാനുള്ളതാണ് പുതിയ നിബന്ധനയെന്നായിരുന്നു പ്രധാന ആരോപണം. സ്വകാര്യത നയം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ പല ലോകരാജ്യങ്ങളും പുതിയ നിയമനിർമ്മാണം നടത്തുവാനിരിക്കെയാണ് വാട്സ്ആപ്പിന്റെ പിന്മാറ്റം.


സ്വകാര്യതാനയം:വാട്സാപ് പിന്നോട്ട്, ഫെബ്രുവരി എട്ടിന് അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല.

 



below fold

bottom ad

new display theme