സാൻഫ്രാൻസിസ്കോ: പുതിയ സ്വകാര്യതാനയത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ വാട്സാപ് പിന്നോട്ട്. മേയ് 15 വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്ന് വാട്സാപ് അറിയിച്ചു.പുതിയ മാറ്റങ്ങളെ കുറിച്ച് യൂസർമാർക്കിടയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചത്. എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഉപയോക്താക്കൾക്കിടയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം മാറ്റിയ ശേഷം പുതിയ സ്വകാര്യതാനയം നടപ്പിലാക്കിയാൽ മതിയെന്നാണ് വാട്സാപ്പിന്റെ നിലപാട്.
ഒട്ടേറെ തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും ഇതുമാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും വാട്സാപ് കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാനോ, കോളുകൾ കേൾക്കാനോ വാട്സാപ് കമ്പനിക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല. ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.സ്വകാര്യതാ ലംഘനം ആരോപിച്ച് പലരാജ്യങ്ങളിലും യൂസർമാരും ഐടി വിദഗ്ധരും ആശങ്കകൾ ഉന്നയിച്ചതിനെ തുടർന്നാണ് പുതിയ നയം നടപ്പിലാക്കുന്നത് തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്.
"ഞങ്ങളുടെ സമീപകാല അപ്ഡേറ്റിനെക്കുറിച്ച് എത്രമാത്രം ആശയക്കുഴപ്പമുണ്ടെന്ന് ഞങ്ങൾ നിരവധി ആളുകളിൽ നിന്ന് മനസിലാക്കി. വളരെയധികം തെറ്റായ വിവരങ്ങൾ ആശങ്കയുണ്ടാക്കുന്നു, ഞങ്ങളുടെ തത്വങ്ങളും വസ്തുതകളും മനസിലാക്കാൻ എല്ലാവരേയും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." കമ്പനി പറഞ്ഞു.
സ്വകാര്യ സന്ദേശങ്ങളോ സെൻസിറ്റീവ് ലൊക്കേഷൻ ഡാറ്റയോ ഫെയ്സ്ബുക്കുമായി പങ്കിടില്ലെന്ന് വാട്സാപ് നേരത്തെ വിശദീകരണം നൽകിയിരുന്നു. " ചില കിംവദന്തികൾ പ്രചരിക്കുന്നതിനാൽ, ഞങ്ങൾക്ക് ലഭിച്ച ചില സാധാരണ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞങ്ങൾ
ആഗ്രഹിക്കുന്നു. സ്വകാര്യമായി ആശയവിനിമയം നടത്താൻ ആളുകളെ സഹായിക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ഞങ്ങൾ ഏതറ്റം വരേയും പോകും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങൾ കൈമാറുന്ന സന്ദേശങ്ങളുടെ സ്വകാര്യതയ ഒരു തരത്തിലും ബാധിക്കില്ല." എന്നായിരുന്നു കമ്പനി നേരത്തെ നൽകിയ വിശദീകരണം.
വാട്സാപ് ഉപയോക്താക്കളുടെ ഡാറ്റ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേർഡ് പാർട്ടി സേവനങ്ങളുമായും പങ്കുവയ്ക്കുന്നത് നിർബന്ധിതമാക്കുന്ന പുതിയ പോളിസി അപ്ഡേറ്റിനെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. പലരും വാട്സാപ് ഉപേക്ഷിച്ച് മറ്റ് ആപ്പുകളിലേക്ക് ചേക്കേറുകയും ചെയ്തു.ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകളുടെ പ്രചാരം പതിന്മടങ്ങു വർദ്ധിച്ചതും വാട്സാപ്പിന്റെ കുത്തക നീക്കത്തിൽ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് യൂസർമാർ സമാന മെസേജിങ് ആപ്പുകളായ ടെലഗ്രാമിലേക്കും സിഗ്നലിലേക്കും ചുവടുമാറിയതും വാട്സാപ്പിനെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചു.
Social Plugin