Type Here to Get Search Results !

ലോൺ ആപ്പുകൾ കേരളത്തിലും പിടിമുറുക്കുന്നു,സെർവ്വറുകൾ ചൈനയിൽ നിന്നും.



ലോക് ഡൗൺ കാലത്ത് രാജ്യത്ത് വ്യാപകമായ അതിവേഗ വായ്പാ മൊബൈൽ
ആപ്പുകൾക്കു പിന്നിൽ ചൈനീസ് കമ്പനികളെന്ന് വിവിധ സംസ്ഥാനങ്ങളിൽ
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായി. സോഷ്യൽ മീഡിയകൾ ഉപയോഗിച്ചും, വെബ്സൈറ്റുകളിൽ നൽകുന്ന പരസ്യങ്ങൾ വഴിയും അത്യാവശ്യക്കാരെ കണ്ടെത്തുന്ന ഇവർ പ്ലേസ്റ്റോറിലെ ഇവരുടെ തന്നെ അപ്പ്ളിക്കേഷനുകൾ ഉപയോക്താക്കളെക്കൊണ്ട് ഇൻസ്റ്റാൾ ചെയ്യിക്കുന്നു. ആപ്പുകൾ ഉപയോഗിച്ചു നൽകുന്ന  വായ്പകളിൽ തിരിച്ചടവു മുടങ്ങിയാൽ മനുഷ്യത്വരഹിതമായ രീതികളിലൂടെയാണ് തുക തിരിച്ചുപിടിക്കുന്നത്. ഇതിനായി ഉപഭോക്താക്കളുടെ മൊബൈലിലെ വിവരങ്ങൾ അനുവാദമില്ലാതെ ഇവർ ചോർത്തിയെടുക്കും. ലോൺ നൽകുമ്പോൾ തന്നെ രണ്ടു റെഫെറൽ നമ്പറുകൾ (സുഹൃത്തുക്കളുടേയോ,ബന്ധുക്കളുടേയോ) ചില ആപ്പുകൾ ചോദിക്കുന്നുണ്ട്. കേട്ടുകേൾവിയില്ലാത്ത പലിശയും,പ്രോസസ്സിംഗ് ചാർജും താങ്ങാനാകാത്തവരുടെ തിരിച്ചടവ് മുടങ്ങുമ്പോൾ ചോർത്തിയ വിവരങ്ങൾ ഭീഷണിപ്പെടുത്തുവാനായി ഇവർ ഉപയോഗിക്കുന്നു.
        "നിങ്ങൾ ഒരു ബാങ്കിങ് തട്ടിപ്പുകാരൻ ആണെന്ന് കണ്ടെത്തിയിരിക്കുന്നു, നിങ്ങൾക്കെതിരേയുള്ള കേസ് സ്വീകരിച്ചിട്ടുണ്ട് " -സി.ബി.ഐ.യുടെ മുദ്രപതിച്ച വ്യാജ ലെറ്റർ പാഡിൽ ലോൺ ആപ്പ് തട്ടിപ്പുകാർ വാട്സാപ്പിൽ അയച്ചുനൽകുന്ന രേഖയാണിത്.
"ലോൺ ആപ്പ് മുഖേന പണം തട്ടുന്ന സംഘം ഇരകളെ ഭീഷണിപ്പെടുത്തുന്നതിനാണ് ഇത്തരം വ്യാജ രേഖകളുടെ ശേഖരംതന്നെ പുറത്തിറക്കുന്നത്. വ്യാജ ലോൺ ആപ്പ്
ഇൻസ്റ്റാൾ ചെയ്തവരും ഇവരുടെ ഫോൺ കോൺടാക്ടിലുള്ളവരുമാണ് തട്ടിപ്പുകാരുടെ ഇരകൾ. ആദ്യഘട്ടത്തിൽ "ലീഗൽ നോട്ടീസ്'' എന്ന പേരിലുള്ള വ്യാജ രേഖകളാണ് വാട്സാപ്പിൽ അയച്ചുനൽകുന്നത്. ലോൺ എടുത്ത് പണം തിരികെ അടയ്ക്കാതെ കരാർ ലംഘനം നടത്തിയതായി കാണിച്ചാണ് വ്യാജ ലീഗൽ നോട്ടീസ് എത്തുന്നത്. ഇതിനായി മുദ്രപ്പത്രവും മറ്റും അയച്ചുനൽകും.ലീഗൽ നോട്ടീസ് അയച്ചിട്ടും മറുപടിയില്ല എന്നാകുമ്പോൾ,
അടുത്ത ഘട്ടത്തിൽ നിയമ വകുപ്പിന്റേത് എന്ന പേരിലുള്ള വ്യാജരേഖ പുറത്തിറക്കും. ദേശീയ മുദഅടക്കം പതിച്ചാണ് വ്യാജരേഖ പുറത്തിറക്കുന്നത്.ഇതിലും എഴുതിയിരിക്കുന്നത് ഭീഷണിതന്നെ. പാൻ, ആധാർകാർഡ് എന്നിവ ബ്ലോക്ക് ചെയ്യും.ബാങ്ക് അക്കൗണ്ട് ബ്ലാക്ക് ലിസ്റ്റിൽ
ചേർക്കും ഭാവിയിൽ ലോൺ എടുക്കാൻ കഴിയാത്ത വിധമുള്ള നടപടികളുണ്ടാകും എന്നിങ്ങനെ ഭീഷണി നീളും . ലോൺ അടയ്ക്കാത്തതിനാൽ നിയമവകുപ്പിലെ ഉദ്യോഗസ്ഥനെ റിക്കവറി നടപടിക്കായി ചുമതലപ്പെടുത്തിയെന്നും ഇയാൾ വീട്ടിലെത്തി റിക്കവറി നടപടിയെടുക്കുമെന്നും നിയമ വകുപ്പിൻറതെന്ന് പറയുന്ന വ്യാജരേഖയിലുണ്ടാകും. ഇതിലും ഇരകൾ വീണില്ലെന്ന് കാണുന്നതോടെയാണ് സി.ബി.ഐ.യുടെ വ്യാജ ലെറ്റർ പാഡിൽ
ഭീഷണിയെത്തുക. പല സംസ്ഥാനങ്ങളിലും ഇത്തരം തട്ടിപ്പുകൾ മുഖേന ആത്മഹത്യാ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അന്വേഷണ ഏജൻസികളും ഇവരുടെ പിന്നാലെ ഉണ്ട് .

            ഇത്തരം ആപ്പുകളുടെ സെർവറുകൾ ചൈനയിലാണെന്നും ചോർത്തിയെടുക്കുന്ന വിവരങ്ങൾ നിയന്ത്രിക്കുന്നത് ചൈനയിൽ നിന്നാണെന്നും വ്യക്തമായിട്ടുണ്ട്. ഇതിന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചതായും അന്വേഷണഏജൻസികൾ പറഞ്ഞു. ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങൾ കേന്ദ്രമാക്കി നടന്ന അന്വേഷണത്തിലാണ്
വായ്പ്പ ആപ്പുകളിൽ ചൈനീസ്ബന്ധം കണ്ടെത്തിയിരിക്കുന്നത്. ബെംഗളൂരുവിൽ നാലു കമ്പനികളിൽ കഴിഞ്ഞയാഴ്ച റെയ്ഡ് നടന്നിരുന്നു. ഇതിൽ മൂന്നിൻറെയും ഡയറക്ടർമാർ ചൈനയിൽനിന്നാണ്. ഹാക്ക്
ചെയ്ത മൊബൈൽ ഫോൺ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ചൈനയിൽ നിന്നാണന്നും സൈബർ ക്രൈം സി.ഐ.ഡി. എസ്.പി. എം.ഡി. ശരത് പറഞ്ഞു. ഇതിൽത്തന്നെ രണ്ടു സ്ഥാപനങ്ങളുടെ ഡയറക്ടർ യാൻ പെങ് ക്യു എന്ന ചൈനീസ്
പൗരനാണ്. സൈബരാബാദ് പോലീസ് നടത്തിയ അന്വേഷണത്തിൽ അവിടെ പ്രവർത്തിച്ചിരുന്ന ക്യൂബേവോ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനത്തിനു പിന്നിലും ചൈനീസ് ബന്ധം കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 158 ആപ്പുകൾ പ്ലേസ്റ്റോറിൽനിന്ന് ഒഴിവാക്കാൻ തെലങ്കാന പോലീസ് ഗുഗിളിന് നിർദേശം നൽകി. ഗുഡ്ഗാവിൽ രജിസ്റ്റർചെയ്ത സ്തലൈൻ ഇന്നൊവേഷൻസ് ടെക്നോളജീസിനു കീഴിലാണ് ക്യൂബേവോ ടെക്നോളജിയുടെ പ്രവർത്തനം. സ്തലൈൻ ഡയറക്ടർ സിഷിയഴാങ് എന്ന ആൾ ചൈനക്കാരനാണ്. ഈ കമ്പനിക്കുകീഴിൽ മാത്രം 11 ആപ്ലിക്കേഷനുകളാണുള്ളത്.
ഏതാനും വർഷങ്ങളായി അതിവേഗ വായ്പാ ആപ്പുകൾ വലിയതോതിൽ പ്രചാരത്തിലുണ്ട്. ഇപ്പോൾ ഇവയുടെ എണ്ണം
ദിനംതോറും കൂടിവരുന്നു. റിസർവ് ബാങ്കിൽ രജിസ്റ്റർചെയ്ത ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ആപ്പുകൾ നിയന്ത്രിക്കാൻ എളുപ്പമാണ്. എന്നാൽ, ആർ.ബി.ഐ. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന കമ്പനികളാണ് തട്ടിപ്പിനു പിന്നിൽ. ഇവയെ നിയന്ത്രിക്കുക ആർ.ബി.ഐ.ക്കും വലിയ തലവേദനയായിട്ടുണ്ട്. ഇത്തരം ആപ്പുകളെ കരുതിയിരിക്കാൻ ആർ.ബി.ഐ. ഈ ഇടയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു.
   
       കേരളത്തിലും ഇത്തരത്തിൽ ലോൺ ആപ്പുകൾക്ക് ഇരകളായവരുണ്ടെങ്കിലും പരാതികൾ അധികം ഉണ്ടായില്ല എന്നത് പൊലീസിന് വേണ്ട നടപടികൾ എടുക്കുവാൻ സാധിക്കാതെ വരുന്നു. കേരളത്തിൽ നടക്കുന്ന തട്ടിപ്പിൽ നിന്നും ഒഴിവാകുവാനും, ഇരകളായവർ മറ്റുസംസ്ഥാനങ്ങളിലേത് പോലെ നിയമനടപടികൾ സ്വീകരിക്കുവാനും നിയമപാലകർ ആവശ്യപ്പെടുന്നുണ്ട്.ഇതുവരെ ഇത്തരത്തിലുള്ള നടപടിയൊന്നും പോലീസിന് നടത്താനായിട്ടില്ല.

below fold

bottom ad

new display theme