Type Here to Get Search Results !

ദാമ്പത്യത്തിൽ നിർബന്ധമായും പാലിക്കേണ്ട 6 കാര്യങ്ങൾ...

 


കൂടുംമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. കുടുംബബന്ധങ്ങളെ പലരും ഉപമിക്കുന്നത് വീടിനോടാണ്‌. ഒരു നല്ല വീടുണ്ടാക്കി അതില്‍ സന്തോഷത്തോടെ താമസിക്കാന്‍ കഴിയണമെങ്കില്‍ വീടിന് അടിത്തറ പണിയുന്നതു മുതല്‍ ശ്രദ്ധിക്കണം. തുടക്കം മുതലുള്ള ശ്രദ്ധ തന്നാണ് കുടുംബബന്ധങ്ങളുടെയും അടിത്തറ.ചെറിയ ചെറിയ പിണക്കങ്ങളിലൂടെയും അതിലേറെ ഇണക്കങ്ങളിലൂടെയും കുടുംബജീവിതത്തെയും പങ്കാളിയേയും കൊണ്ടുപോകുന്നത് ഒരു കരവിരുത് തന്നാണ്.  നല്ല ബന്ധങ്ങള്‍ക്കു വേണ്ട ശക്തമായ അടിത്തറയെക്കുറിച്ചും അവയുടെ പരിചരണരീതികളുമാണ് താഴെ നല്‍കുന്നത്.


1) ശെരിയായ തിരിച്ചറിവ്. 


റൊമാന്റിക് സിനിമകളിലെ പ്രണയമധുരമായ രംഗങ്ങള്‍ പോലെയാണ് ജീവിതം എന്നു വിചാരിച്ചിരിക്കുന്നവരുണ്ട്.അത്തരമൊരു ജീവിതവും സ്വപ്നം കണ്ട് സേവ് ദ ഡേറ്റ് വീഡിയോയും ഷൂട്ട് ചെയ്ത് ആസ്വദിച്ച് കൈപിടിച്ച് ജീവിതത്തിലേക്ക് നടന്നു കയറുന്നവർ തുടക്കത്തിലെ അടിച്ചുപൊളിക്ക് ശേഷം അയല്പക്കത്തെ സന്തുഷ്ട കുടുംബത്തെ കണ്ട് നെടുവീർപ്പിടുന്നു(അക്കരെപ്പച്ച*). ഈ തെറ്റിദ്ധാരണ ഉള്ളതുകൊണ്ട് അവര്‍ക്കു ജീവിതത്തിലെ സന്തോഷങ്ങള്‍ ആസ്വദിക്കാനോ അംഗീകരിക്കാനോ കഴിയില്ല. രണ്ടു സാഹചര്യങ്ങളിൽ വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലത്തിൽ കഴിഞ്ഞിരുന്ന രണ്ടു മനുഷ്യര്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ പ്രശ്നങ്ങളും സ്വാഭാവികമാണ് എന്ന തിരിച്ചറിവുതന്നെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കും. അതിനോടൊപ്പം പങ്കാളിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളും യാഥാർത്ഥ്യബോധത്തോടെ ആവണം. പങ്കാളിയില്‍ നല്ലതും ചീത്തയുമായി നിങ്ങള്‍ക്കു തോന്നുന്ന എല്ലാ കാര്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ അതു സഹായിക്കും.


2)പരസ്പരബഹുമാനവും,വിശ്വാസവും.


പരസ്പരസ്നേഹം ബന്ധങ്ങള്‍ക്ക് കരുത്തുപകരാന്‍ സഹായിക്കുമെങ്കിലും ബന്ധങ്ങളുടെ ആണിക്കല്ല്‌ പരസ്പരബഹുമാനവും,വിശ്വാസവും ആണ്. പരസ്പരവിശ്വാസത്തിലൂന്നിയ ജീവിതത്തിൽ കപടവാർത്തകൾക്ക് സ്ഥാനം ലഭിക്കുന്നില്ല.പങ്കാളി നൽകുന്ന വിശ്വാസം കാത്തുസൂക്ഷിക്കുവാൻ ശ്രദ്ധ വേണമെന്ന് മാത്രം. വ്യത്യസ്തമായ ഇഷ്ടങ്ങളും താൽപര്യങ്ങളും ഒക്കെ അംഗീകരിക്കാൻ പരസ്പര ബഹുമാനം സഹായിക്കുന്നു.ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ വന്നാൽ പോലും തീരുമാനങ്ങളില്‍ രണ്ടുപേര്‍ക്കും തുല്യപ്രാധാന്യം ലഭിക്കുന്നതിനും പരസ്പരബഹുമാനം ഇടയാക്കും. 


3) തുറന്നുപറച്ചിലുകള്‍


കുടുംബബന്ധങ്ങളിൽ ഉറപ്പായും ഉണ്ടാകേണ്ട കാര്യങ്ങളിൽ ഒന്നാണ് മനസ്സിൽ തട്ടിയുള്ള തുറന്ന്പറച്ചിലുകൾ. പരസ്പരം തോന്നുന്ന ഇഷ്ടക്കേടുകളും ,ഇഷ്ടപ്പെടാതെ പോയ പെരുമാറ്റങ്ങളും,സംസാരവും ഒക്കെ പറ്റുമെങ്കിൽ അന്ന് തന്നെ പറഞ്ഞു തീർത്ത് വീർപ്പുമുട്ടലുകളും ഉള്ളിലെ ദേഷ്യവും ഇല്ലാതെ സ്‌നേഹത്തോടെ പെരുമാറുക.എത്ര ദേഷ്യം തോന്നിയാലും ഒന്നുമില്ല എന്ന് അഭിനയിച്ച് അവസാനമുള്ള വലിയ പൊട്ടിത്തെറിയിൽ എന്നോ നടന്ന കാര്യങ്ങൾ ഒക്കെ വിളിച്ചു പറഞ്ഞ് ബന്ധം വഷളാക്കുന്നത് പതിവായി കണ്ട് വരുന്ന പ്രവണതയാണ്. ബന്ധങ്ങളിലെ പല പ്രശ്നങ്ങളും പലരും കൃത്യമായി തുറന്നു പറയാറില്ല. അതിങ്ങനെ കൂട്ടി വച്ച് മനസ്സ് പ്രഷര്‍ കുക്കര്‍ പോലെയാകുമ്പോള്‍ അറിയാതെ പൊട്ടിത്തെറിക്കും. ഈ പൊട്ടിത്തെറികളില്‍ പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞെന്നു വരാം. ഒപ്പം ദേഷ്യം കൊണ്ടും വിഷമം കൊണ്ടും നമ്മള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ പോലും പറഞ്ഞു കാര്യങ്ങള്‍ വഷളാക്കിയെന്നും വരാം. ഇതിനൊന്നും ഇടവരുത്താതെ മുകളിൽ പറഞ്ഞ പോലെ കാര്യങ്ങള്‍ കൃത്യസമയത്തു തുറന്നുപറയുന്നത് വൈകാരികവിക്ഷോഭങ്ങള്‍ ഒഴിവാക്കും. പങ്കാളി ഒരു കാര്യം തുറന്നു പറയുമ്പോള്‍, മോശം കാര്യങ്ങള്‍ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ താനെന്ന വ്യക്തി മോശമാണെന്ന തരത്തിൽ ഒരിക്കലും ചിന്തിക്കരുത്. അറിയാതെ പോലും ആ വിധത്തിൽ പങ്കാളിയെ  ചിത്രീകരിക്കുകയും ചെയ്യരുത്. പകരം നിങ്ങള്‍ക്കു മോശമാണെന്ന് തോന്നുന്ന പ്രവര്‍ത്തിയെ മാത്രം സ്നേഹപൂര്‍വ്വം ചൂണ്ടികാണിക്കുക.


4) സ്വന്തമായി ഒരു ഇടം പങ്കാളികൾ  പരസ്പരം അനുവദിക്കുക.


രണ്ടുപേരും രണ്ട് വ്യക്തികളാണ്.നിങ്ങൾക്ക് നിങ്ങളുടേതായ വ്യക്തിത്വം ഉള്ള പോലെ നിങ്ങളുടെ പങ്കാളിക്കും ഉണ്ട് . വിവാഹമെന്നാൽ വ്യക്തിത്വം അടിയറവെച്ച് കീഴ്പ്പെട്ട് ജീവിക്കുക എന്നല്ല. മറിച്ച് രണ്ടു കൂട്ടരും അവരവർക്ക് സ്വന്തമായ ഇടങ്ങളിൽ പരസ്പരം കൈകടത്താതിരിക്കുക. സ്നേഹവും വിശ്വാസവും ഉള്ള ബന്ധങ്ങളില്‍ സ്വാതന്ത്ര്യവും ഉണ്ടാവും. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ നിലനിര്‍ത്താന്‍ ഉള്ള സ്വാതന്ത്ര്യം ഇരുവര്‍ക്കും വേണ്ടതാണ്. തിരക്കേറിയ ജീവിതത്തില്‍ കുറച്ചു സമയം, സ്വന്തം താൽപര്യങ്ങള്‍ക്കായി ചിലവഴിക്കാന്‍ മാറ്റിവയ്ക്കുക. ആ സമയം ഇഷ്ടമുള്ള കലാസ്വാദനത്തിൽ ഏർപ്പെടുകയോ,തങ്ങളുടേതായ ഹോബികളിൽ ഏർപ്പെടുകയോ,ഇഷ്ടമുള്ള പാട്ടു കേള്‍ക്കുകയോ സുഹൃത്തുക്കളോട് സംവദിക്കുകയോ ഒക്കെയാവാം.


5) ജീവിതത്തിന്റെ ഭാഗമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുക.


“പണ്ട് എങ്ങനെയിരുന്ന മനുഷ്യനാ? ഇപ്പൊ അതെല്ലാം മാറി”-  പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി പലര്‍ക്കും ഇതാണ്. പ്രണയ വിവാഹമാണെങ്കിൽ പറയുകയും വേണ്ട. ജീവിതം മുന്നോട്ടു പോകുന്നതനുസരിച്ചു മനുഷ്യര്‍ മാറുന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്.നിങ്ങളുടെ സ്കൂൾ ജീവിതത്തിലെ വികൃതിയൊക്കെ ഇപ്പോഴും നിങ്ങൾ കാണിക്കാറുണ്ടോ? കാലവും സാഹചര്യങ്ങളും ഒക്കെ മാറുന്നതും,ശാരീരികമായ ഹോർമോൺ മാറ്റങ്ങളും എല്ലാം കുറെയൊക്കെ സ്വഭാവത്തെയും മാറ്റുന്നുണ്ടാകും.അത് സ്വാഭാവികം എന്ന് ഉൾക്കൊള്ളുന്നിടത്താണ്‌ നിങ്ങളുടെ കുടുംബത്തിന്റെ കെട്ടുറപ്പ് കൂടുന്നതും.അവർക്ക് നിങ്ങളോടുള്ള സ്‌നേഹം ചെറുപ്പത്തിൽ ഒരു ചുംബനത്തിലൂടെ ആയിരുന്നു അറിയിച്ചിരുന്നതെങ്കിൽ,ജീവിതത്തിന്റെ മധ്യാഹ്നത്തിൽ നിങ്ങളുടെ എതെങ്കിലും ആഗ്രഹങ്ങൾ നടത്തിത്തന്നാകും അറിയിക്കുവാൻ ശ്രെമിക്കുക. അതിനാൽ ജീവിതസാഹചര്യങ്ങള്‍ മാറുന്നതു ബന്ധങ്ങളെ ബാധിക്കാതെ നോക്കുക. ജോലിയിലെ പ്രശ്നങ്ങള്‍, വിദേശവാസം, രോഗങ്ങള്‍, പ്രിയപെട്ടവരുടെ മരണം, ഇവയും അത്തരം സാഹചര്യങ്ങൾക്ക് ചില ഉദാഹരണങ്ങളാണ്.


6) ക്ഷമിക്കുവാനും ഉൾക്കൊള്ളുവാനും തയ്യാറാവുക


പലരും പറയാറുള്ള ഒരു കാര്യമാണ് തെറ്റുകൾ വ്യക്തികേന്ദ്രീകൃതമാണ് എന്നത്.ഒരാൾക്ക് ശെരിയെന്നു തോന്നുന്നത് മറ്റൊരാൾക്ക് ശെരിയാകണമെന്നില്ല എന്ന് പറയുന്ന പോലെ ഒരാൾക്ക് തെറ്റെന്നു തോന്നുന്നത് മറ്റൊരാൾക്ക് അങ്ങനെ തോന്നുകയില്ല. എന്നിരിക്കിലും പരസ്പര ബഹുമാനത്തിൽ ഊന്നിയ കുടുംബജീവിതത്തിൽ പങ്കാളിയുടെ കാഴ്ചപ്പാടിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണം.എന്നിരുന്നാലും രണ്ടു കൂട്ടരും മനസ്സിലാക്കേണ്ടത് ജീവിതത്തിലുടനീളം പലപ്പോഴായി അറിഞ്ഞോ അറിയാതെയോ വലുതും ചെറുതുമായ ഒരുപാടു തെറ്റുകൾ നമ്മുടെയെല്ലാം ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് എന്ന ബോധ്യമാണ്. തെറ്റുകള്‍ സംഭവിക്കാത്തവരായി ആരും തന്നെയില്ല,അത് മനുഷ്യസഹജമാണ്. എന്നാല്‍ ആ തെറ്റുകള്‍ മറ്റൊരാള്‍ക്ക്‌ സംഭവിക്കുമ്പോള്‍ ക്ഷമിക്കാന്‍ എത്ര പേര്‍ മനസ്സ് കാണിക്കും? ചില സാഹചര്യങ്ങളില്‍ ക്ഷമിക്കുക അത്ര എളുപ്പം ആവില്ല. നിര്‍ബന്ധിച്ചു മനസ്സിനെ പാകപ്പെടുത്തേണ്ടതായും ഇല്ല. എന്നാല്‍ ക്ഷമിക്കാനായി തയ്യാറാകുന്നതു പോലും ബന്ധങ്ങളുടെ ഊഷ്മളത വര്‍ധിപ്പിക്കും. തുറന്നു പറഞ്ഞാൽ ക്ഷമിക്കാൻ തയ്യാറാകുന്ന ഒരു പങ്കാളിയാകാൻ കഴിയുന്നത് എല്ലാവരെക്കൊണ്ടും കഴിയുന്നതല്ല. ഒരു തെറ്റ് മറയ്ക്കാനായി മറ്റൊരു തെറ്റു ചെയ്യുന്നത് തടയുവാനും സന്തോഷമുള്ള കുടുംബജീവിതം പങ്കാളിയോടൊത്തു ജീവിക്കുവാനും ഇത്തരത്തിലുള്ള ചില വിട്ടുവീഴ്ച്ചകൾ കൊണ്ട് സാധിക്കും.


below fold

bottom ad

new display theme