Type Here to Get Search Results !

പ്രണയം നിലനിർത്താൻ വേണ്ട 4 കാര്യങ്ങളും, സ്ത്രീ-പുരുഷ മനഃശാസ്ത്രവും...



ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ചുരുക്കമായിരിക്കും. ആഗ്രഹിച്ചവരിൽ നിന്നും അതേപോലെ അല്ലെങ്കിൽ അതിൽക്കൂടുതൽ സ്‌നേഹം  തിരികെ ലഭിച്ചവരും ഏറെ ഉണ്ടാകും. സാമൂഹ്യസാഹചര്യങ്ങളുടെ എതിർപ്പ് മറികടന്ന് പ്രണയിച്ച് തുടങ്ങുന്നവർ പരസ്പരം കലഹിച്ച് തുടങ്ങുന്നിടത്ത് പ്രണയം പരാജയപ്പെട്ട് തുടങ്ങുന്നു. എല്ലാ പ്രണയബന്ധങ്ങളും ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയും കടന്നു പോകും.

പ്രണയത്തിലെ സ്ത്രീ പുരുഷ മനഃശാസ്ത്രത്തിലേക്ക് ഒന്ന് കടന്ന് ചെല്ലാം.


പ്രണയം പുരുഷന്മാരിൽ

മിക്കപ്പോഴും പല പ്രണയങ്ങളും തുടങ്ങിവെക്കുന്നത് പുരുഷന്മാരാകും. അനുരക്തനാകാൻ അവന് ഏതെങ്കിലും ഒരു കാര്യം മതിയാകും. വളരെപ്പെട്ടെന്നു സ്വന്തമാക്കണമെന്നു ചിന്തിക്കുകയും ചെയ്യും. ആത്മാർഥ പ്രണയത്തിൽ പോലും അവനിൽ കാമമാകും ലൈംഗിക ചോദനകൾ സൃഷ്ടിക്കുന്നത്. പെട്ടെന്ന് തുടങ്ങുമെങ്കിലും അവനിൽ പ്രണയം വളരുന്നതും പൂർണ്ണതയിൽ എത്തുന്നതും വളരെ പതുക്കെയാകും. ഒരെടുത്ത് ചാട്ടത്തിൽ തുടങ്ങി, പക്വതയോടെ വളർന്ന് വീണ്ടുവിചാരത്താൽ മുന്നോട്ട് നയിക്കുന്നതാകും അവന്റെ ആത്മാർഥ പ്രണയം(എള്ളോളം തരി tiktok ജനറേഷൻ കാരുടേത് ഏതിൽ പെടുമെന്ന് ഗവേഷണങ്ങൾ വേണ്ടിവരും). ആ പ്രണയത്തിൽ അവളുടേതായ എല്ലാ നല്ല വശങ്ങളും മോശം കാര്യങ്ങളും അവൻ മനസിലാക്കുന്നു. എല്ലാം അറിഞ്ഞുകൊണ്ട് പ്രണയിക്കുന്നു.


പ്രണയം സ്ത്രീകളിൽ

വളരെ പതുക്കെ ആരംഭിച്ച് വളരെ വേഗത്തിൽ പടർന്ന് പന്തലിക്കുന്ന പ്രണയമാണ് പൊതുവെ സ്ത്രീകളിൽ കണ്ടുവരുന്നത്. സ്ത്രീകൾ പൊതുവേ ഒരാളോട് പ്രണയം തോന്നിയാൽ പോലും തുറന്നുപറയാതെ, പറയാതെ പറഞ്ഞ് മുന്നോട്ട് പോകുന്നവരാണ്. ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കിയും ഒരുമിച്ച് കുറേ ചിലവഴിച്ചും പിരിയാൻ പറ്റില്ലെന്ന് തോന്നുന്ന അവസരത്തിൽ അവളും പ്രണയം തുറന്ന് പറയുന്നു. അവൾ പോലുമറിയാതെ സംഭവിച്ച് പോകുന്നതാകും അത്. നന്നായി അറിയുന്ന പരിചയമുള്ള ഒരാളോടല്ലാതെ അവൾ അപൂർവമായേ പ്രണയം പങ്കിടാറുള്ളു. ഒരിക്കൽ തോന്നിയാൽ പിന്നീടവളുടെ പ്രണയത്തിന്റെ യാത്ര അതിവേഗത്തിലാണ്. അവന്റെ സാമീപ്യത്തിനായും അവനോടു സംസാരിക്കാനായും അവളുടെ ഹൃദയം വല്ലാതെ കൊതിക്കും. തുടക്കത്തിൽ അവൾ കാണിച്ച പക്വത പിന്നീടവളിൽ ഉണ്ടാകില്ല. പ്രണയത്തിന്റെ പാരമ്യത്തിൽ ലൈംഗിക ചോദനകളും അവളിൽ ഇടം പിടിക്കുന്നു. സാമൂഹ്യമായ ഇടപെടലുകളോ സ്‌നേഹിതന്റെ തന്നെ വാക്കുകളോ മാത്രമേ പിന്നീടവളിൽ വീണ്ടുവിചാരത്തോടെയുള്ള ചിന്തകൾക്ക് കാരണമാകുള്ളൂ. പ്രണയം സൃഷ്‌ടിച്ച വികാരത്തിന്റെ തടവറയിൽ തന്നാകും അവളുടെ മനസ്സ്. പ്രണയിക്കുന്നവന്റെ നല്ല വശം മാത്രമാകും അവളുടെ ചിന്തകളിൽ. തുടർന്നു ജീവിതത്തിലേക്ക് കടക്കുമ്പോൾ സ്‌നേഹം കുറയുന്നതായോ, അവൻ ഒരുപാട് മാറിയതായോ ചിന്തിച്ച് ആകുലപ്പെടുന്നതും കണ്ട് വരുന്നുണ്ട്.


പൊതുവെ കണ്ട് വരുന്നതിനപ്പുറത്തേക്ക് അപൂർവമായി ഇങ്ങനൊക്കെ അല്ലാതെയും വരാം. എല്ലാ പ്രണയവും അമൂല്യമാണ്. പല കാരണങ്ങൾ കൊണ്ടു പല സാഹചര്യങ്ങളിൽ ആരംഭിക്കുന്ന പ്രണയ ബന്ധങ്ങളെ താരതമ്യം ചെയ്യാൻ സാധ്യമല്ല. പുരുഷന്മാർ കുറച്ചെങ്കിലും  സ്ത്രീകളുടെ മനഃശാസ്ത്രവും, സ്ത്രീകൾ തിരിച്ചും മനസ്സിലാക്കുന്നത് പ്രണയം മുന്നോട്ട് കൊണ്ടുപോകാൻ സഹായകമാണ്. ശക്തവും ആരോഗ്യകരവുമായി പ്രണയം നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.


1)അവകാശപ്പെടൽ ആകരുത്– 

പ്രണയിക്കുന്നു എന്ന് അവകാശപ്പെടുന്നതും പ്രണയം അനുഭവിക്കുന്നതും വ്യത്യസ്തമാണ്. പ്രണയം അനുഭവിക്കുമ്പോൾ പരസ്പരം  അംഗീകരിക്കപ്പെടുന്നതായും വിലമതിക്കപ്പെടുന്നതായും തോന്നും. എന്നാൽ അവകാശപ്പെടൽ വെറും വാക്കുകൾ മാത്രമായി അവശേഷിക്കും. അനുഭവിക്കാന്‍ ആകുന്നില്ലെങ്കിൽ പ്രണയിക്കുന്നു എന്ന വാക്കുകൾക്ക് എന്ത് അർത്ഥം. യാന്ത്രികമായ വാക്കുകൾ കൈമാറുന്ന, കടമകൾ പോലെ ചെയ്യാനുള്ള ഒരു കാര്യം. അതല്ല ആവശ്യം. വികാരങ്ങളും വിചാരങ്ങളും കൈമാറുന്ന,ജീവിതത്തിൽ മുന്നേറാൻ ഊർജമേകുന്ന ഒരു ബന്ധമാകണം പ്രണയം.


2)സ്നേഹം കൈവിടാതുള്ള എതിരഭിപ്രായങ്ങൾക്ക് പ്രാധാന്യമുണ്ട്–

താൽക്കാലിക സന്തോഷത്തിനും ബന്ധത്തിന്റെ നിലനിൽപ്പിനും വേണ്ടി എല്ലാം അംഗീകരിക്കുന്ന ചിലരുണ്ട്. സ്ത്രീകളിൽ ഇത് പൊതുവെ കണ്ട് വരുന്നതാണ്. താൽകാലികമായ നിലനിൽപ് സാധ്യമെങ്കിലും തുടർന്നുള്ള ജീവിതത്തിൽ വലിയ പ്രശ്നങ്ങളിലേക്കും ഒടുവിൽ പൊട്ടിത്തെറിയിലേക്കും ഈ ബന്ധം ചെന്നെത്തും. പരസ്പരം ബഹുമാനത്തോടെ, സ്‌നേഹത്തോടെ എതിർ അഭിപ്രായങ്ങൾ പറയാനും വിസമ്മതം അറിയിക്കാനും സാധിക്കുന്ന സാഹചര്യം രണ്ടുപേർക്കുമിടയിൽ നിലനിൽക്കണം.


3)പ്രതീക്ഷയുടെ അമിതഭാരം വേണ്ട– 

പലരും തിരിച്ചറിയപ്പെടാതെ പോകുന്ന കാര്യമാണിത്. സ്‌നേഹിക്കുമ്പോൾ നല്ല വശം മാത്രം കാണുകയും എല്ലായ്പ്പോഴും ഇങ്ങനെ തന്നാകും എന്നുള്ള മിഥ്യാബോധത്തോടെ അമിത പ്രതീക്ഷയോടെ ജീവിതത്തെ സമീപിക്കുന്നവർ.പങ്കാളിയെപ്പറ്റി പൂർണ്ണമായി മനസ്സിലാക്കിയിട്ടുണ്ടെന്ന തോന്നൽ. പങ്കാളി മാത്രമുള്ള ഒരു ലോകം. തന്റെ അച്ഛനും അമ്മയും സുഹൃത്തും സഹോദരിയും മകനും മകളുമൊക്കെ ആകാൻ കഴിവുള്ള പങ്കാളി,ചിലരുടെ പ്രതീക്ഷകൾ ഇങ്ങനെ ഹിമാലയം കയറുന്നു. ചില സിനിമകളിൽ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഉണ്ട്. എന്നാല്‍ ജീവിതവും സിനിമയും രണ്ടും രണ്ടാണെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല. നിത്യജീവിതത്തിലെ പ്രണയത്തിനിടയ്ക്ക് സിനിമയിലേതു പോലെ മരത്തിനു ചുറ്റും  പാട്ടും പാടി നടക്കാൻ ആർക്കേലും കഴിയാറുണ്ടോ??അങ്ങനെയാണ് മിക്ക കാര്യങ്ങളും. പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാതെ,മറ്റുള്ളവരെ കാണിക്കാനല്ലാതെ, അഭിനയങ്ങൾക്ക് അവസരം നൽകാതെ യാഥാർഥ്യത്തിൽ നിന്നു പ്രണയിക്കാം. അതിനു സിനിമകളിലേതിനേക്കാള്‍ ആർദ്രതയുണ്ടെന്ന് അനുഭവിക്കാനാകും തീർച്ച.


4)പരസ്പരം മനസ്സിലാക്കൽ – 

പലപ്പോഴും ഒരുപാടു തെറ്റുകൾ സംഭവിക്കുന്നതിവിടെയാണ്. സ്‌നേഹിച്ച് തുടങ്ങുമ്പോൾ തന്നെ പൂർണ്ണമായി മനസ്സിലാക്കിയെന്നോ, ഇത്രയുമൊക്കെ മനസ്സിലാക്കിയാൽ മതിയെന്നോ ഒക്കെ ചിന്തിച്ച് കൂട്ടും. എന്നാൽ പോകെപ്പോകെ,പങ്കാളി തന്നെ മനസ്സിലാക്കുന്നില്ല എന്നോ,തനിക്ക് പങ്കാളിയെ പറ്റി മനസ്സിലാക്കുവാൻ ഇനിയും ഏറെയുണ്ട് എന്നോ തോന്നൽ തുടങ്ങുമ്പോൾ തന്നെ നിരാശരാകാതെ തന്റെ ആവശ്യങ്ങൾ, വികാരങ്ങൾ, ആഗ്രഹങ്ങള്‍, ലക്ഷ്യങ്ങൾ എന്നിവയെല്ലാം പങ്കാളിയുമായി പങ്കുവയ്ക്കാൻ സാധിക്കണം. പരസ്പരമുള്ള ആശയവിനിമയം എല്ലാ തലത്തിലും ഉണ്ടാകണം. തുറന്നു സംസാരിക്കാന്‍ കൂടുതൽ അവസരങ്ങൾ കണ്ടെത്തുക. ആ അവസരം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുക. കാര്യങ്ങൾ തുറന്നു പറായാൻ മടിയോ ഭയമോ പങ്കാളിക്കുണ്ടെങ്കിൽ ധൈര്യം നല്‍കണം. ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ ക്ഷമയോടെ കേൾക്കണം. അങ്ങിനെ പതിയെ പുതിയ തിരിച്ചറിവുകളോട് പൊരുത്തപ്പെട്ട് പരസ്പരം മതിയാവോളം പ്രണയിക്കണം. പൊരുത്തക്കേടുകൾക്കിടയിലും യോജിപ്പിന്റെ തലങ്ങളിൽ ഒരുമിക്കുക. വൈകുന്നേരത്തെ മഴയത്ത് മൊത്തിക്കുടിക്കുന്ന കട്ടന്റെ രുചി പോലെ പ്രണയം ഓരോ നിമിഷത്തിലും ആസ്വദിക്കുക....


>> നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക....


below fold

bottom ad

new display theme