Type Here to Get Search Results !

കുട്ടികളുടെ കാര്യം കുട്ടിക്കളിയല്ല....മക്കളെ എങ്ങനെ മിടുക്കരാക്കാം (3)



ആ പേപ്പർ ഒക്കെ വലിച്ചു വാരി താഴെ ഇടല്ലേന്നു പറഞ്ഞാൽ കേൾക്കില്ല. ഇതുങ്ങളേക്കൊണ്ട് തോറ്റു😣
ഡ്രീം കേരളയുടെ "മക്കളെ എങ്ങനെ മിടുക്കരാക്കാം" എന്ന പോസ്റ്റിന്റെ അവസാന ഭാഗത്തിലേക്കു സ്വാഗതം.
ഇത്തരം കുരുത്തക്കേടുകൾ നിങ്ങളുടെ ശ്രദ്ധ കിട്ടാനാണെന്നു കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് ഓർക്കുന്നുണ്ടല്ലോ അല്ലേ?? നിങ്ങൾക്കിഷ്ടപ്പെടാത്ത കാര്യങ്ങൾ(നെഗറ്റീവ്) ചെയ്ത് നെഗറ്റീവ് റെസ്പോൺസ് കുട്ടികൾ ആവർത്തിക്കുന്നത് എങ്ങനെ മാറ്റിയെടുക്കാം? ഉത്തരം സിമ്പിൾ ആണന്നേ. അവർ ചെയ്യുന്ന പോസിറ്റീവ് റെസ്പോൺസിൽ നിങ്ങൾ വേണ്ടുന്ന പ്രോത്സാഹനവും ശ്രദ്ധയും കൊടുക്കുക.
ഇങ്ങനെ പോസിറ്റീവ്, നെഗറ്റീവ് എന്നൊക്കെ പറഞ്ഞ് വളച്ചുകെട്ടാതെ എന്താ ചെയ്യേണ്ടതെന്നങ്ങു പറയരുതോ??
അത് തന്നെയാണ് പറഞ്ഞ് വരുന്നത്. നിങ്ങളുടെ കുട്ടി ഇനി ഭിത്തിയിലോ മറ്റോ വരയ്ക്കുന്നത് കാണുമ്പോൾ അവർക്ക് നിങ്ങളുടെ സാമീപ്യം ആവശ്യമുണ്ടെന്ന് കഴിഞ്ഞ പോസ്റ്റ് നിങ്ങൾ വായിച്ചെങ്കിൽ മനസ്സിലായിക്കാണില്ലേ.... അങ്ങനെ എന്തെങ്കിലും കാണുമ്പോൾ നിങ്ങൾ കുട്ടിയെ പതുക്കെ അടുത്ത് വിളിച്ച് അല്പമൊന്നു കൊഞ്ചിച്ചിട്ട്, "മക്കൾക്ക് വരയ്ക്കണമെങ്കിൽ അച്ഛൻ/അമ്മ ബുക്ക് തരാലോ. ഭിത്തിയിലൊക്കെ വരച്ചാൽ അത് കാണുന്നവർ മക്കളെ കളിയാക്കില്ലേ" എന്നൊക്കെ ഒന്ന് പറഞ്ഞ് ഒരു ബുക്ക് കയ്യിൽ കൊടുക്കൂ...അവർ അതിൽ എന്താണ് വരയ്ക്കുന്നതെന്ന് ശ്രദ്ധിക്കുകയും വേണം. ഇനിയും അങ്ങനെ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കൂ. അവർ ഭിത്തിയിൽ കോറിയിടുന്ന പരുപാടി അവസാനിപ്പിക്കും. പിന്നേ,അവരുടെ കളിയും കണ്ടിരിക്കാനാണോ നേരം,ഓഫീസിലെ തിരക്ക്, വീട്ടുകാര്യങ്ങൾ അങ്ങനെ ഒരു നൂറു കൂട്ടം കാര്യത്തിനിടയ്ക്കാണ് അവർ കുത്തിവരയ്ക്കുന്നതും നോക്കി ഇരിക്കുന്നേ😏നടക്കുന്ന കാര്യം വല്ലോം പറ സുഹൃത്തേ!! 
എല്ലാവരും തിരക്കുള്ളവരാണെന്ന് അറിയാം. നിങ്ങളുടെ മക്കൾ മിടുക്കരാകണം, അല്ലെങ്കിൽ അവരുടെ വികൃതി കുറയ്ക്കണമെന്ന് ചിന്തിച്ചിട്ടല്ലേ നിങ്ങൾ ഈ പോസ്റ്റ് വായിച്ചത്? അത്രയും ക്ഷമ മതി ഇക്കാര്യത്തിൽ. നിങ്ങൾക്ക് ചെയ്യാനുള്ളതൊക്കെ കുട്ടികളോട് പറഞ്ഞ് ബോധ്യപ്പെടുത്തി "മക്കൾ വരച്ചിട്ട് കൊണ്ട് വന്ന് അമ്മയെ/അച്ഛനെ കാണിക്കണേ" എന്നൊക്കെ സ്‌നേഹത്തോടെ പറഞ്ഞു നോക്കൂ. അവർ അനുസരിക്കും. അവർ കൊണ്ട് വന്ന് കാണിക്കുമ്പോൾ രണ്ട് നല്ല വാക്ക് പറയാൻ മടി കാണിക്കരുതേ.... 
ശരി, അപ്പോൾ മാസികകളും പേപ്പറും ഒക്കെ വലിച്ച് വാരി നിലത്തിടുന്നതോ??😇😇
 ഞാൻ ഒന്ന് പറഞ്ഞോട്ടെ, അവർ കാണിക്കുന്ന നെഗറ്റീവ് റെസ്പോൺസൊക്കെ അവർക്ക് നിങ്ങൾ കൊടുക്കുന്ന ശ്രദ്ധ യിലൂടെയും നിങ്ങളുടേതായ പ്രവർത്തികളിലൂടെയും മാറ്റി എടുക്കാവുന്നതാണ്. ഈ ഒരു കാര്യത്തിൽ കുട്ടികളോട് ചെല്ലപ്പേരൊക്കെ വിളിച്ച് "ഇതൊക്കെ അച്ഛന്/അമ്മയ്ക്ക് വേണ്ടുന്ന പേപ്പറുകളാ,മക്കൾക്ക് ഇതിൽ നിന്ന് ഏതേലും വേണമെങ്കിൽ ഞങ്ങളോടൊന്നു പറഞ്ഞിട്ട് എടുക്കണേ. അതുമാത്രമല്ല,മറ്റാരും ഇതൊന്നും എടുക്കാതെ മക്കൾ സൂക്ഷിക്കണേ." എന്നൊക്കെ ഒന്ന് പറഞ്ഞു നോക്കൂ. അവരുടെ മാതാപിതാക്കൾ അവരിലേൽപ്പിച്ച ഉത്തരവാദിത്തം അവർ മറ്റാരേക്കാളും ഭംഗിയായി ചെയ്യുന്നത് നിങ്ങൾക്ക് കാണാനാകും. എത്ര ചെറുപ്രായത്തിലേ ശീലിപ്പിക്കുന്നോ,അത്രയും നല്ലത്. 
എന്തൊക്കെ പറഞ്ഞാലും ഇവർ ഒരിടത്തടങ്ങി ഇരിക്കില്ലന്നേ., അതിനിപ്പോ വല്ല മാർഗോം ഉണ്ടോ?? 
നിങ്ങളുടെ കുട്ടി ഒരിടത്തടങ്ങി ഇരിക്കുവാണെങ്കിൽ അവർക്ക് കാര്യമായി എന്തോ തകരാറുണ്ടന്നേ  ഞങ്ങൾ (dream kerala) പറയുള്ളു. കുട്ടികൾ ഓടിയും ചാടിയും കണ്ടും അറിഞ്ഞുമാണ് വളരുന്നത്. അവരെ ഒരിടത്തും അടക്കി ഇരുത്താൻ നോക്കരുത്. അതിപ്പോൾ ടീവി സ്ക്രീനിനു മുന്നിലായാലും ശരി,അവരെ അടക്കിയിരുത്തരുത്. നിങ്ങളുടെ പൂന്തോട്ടം നന്നാക്കാനും,ചെടികൾ നനയ്ക്കാനും അവരെ ഏൽപ്പിക്കു, അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ അവർ വീട് വൃത്തിയാക്കട്ടെ. ഓരോ ദിവസവും അവർക്ക് ഓരോ ടാസ്ക്ക് നിങ്ങൾ കൊടുക്കൂ. അവർ അത് സന്തോഷത്തോടെ ചെയ്തോളും. ചെറിയ മരച്ചില്ലയിൽ അവർ കയറിക്കോട്ടെ,അവർ വലിയ മരങ്ങളിൽ കയറാൻ ശ്രമിക്കുന്നില്ലന്നുറപ്പാക്കണം,അവർ മുറ്റത്തിറങ്ങി മണ്ണിൽ കളിക്കട്ടെ,നിങ്ങളുടെ കൺവെട്ടത്ത് ഉണ്ടാകും എന്നുറപ്പാക്കണം. സുഹൃത്തേ,അപ്പോൾ അടിക്കുവൊന്നും വേണ്ട എന്നാണോ??🤔 
തെറ്റു കണ്ടാൽ അടിക്കുക, ശബ്ദമുയർത്തി വഴക്കിടുക എന്നിവയൊക്കെ തെറ്റായ സമീപനമായി വിദഗ്ദ്ധർ കരുതുന്നു. നിങ്ങളുടെ മുഖത്തെ ഭാവവ്യത്യാസം കൊണ്ട് മാത്രം കുട്ടി ചെയ്യാൻ പോകുന്ന കാര്യത്തിൽ നിന്നും പിന്മാറുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.സംസാരിക്കാറായിട്ടില്ലാത്ത കുട്ടി മുഖത്തെ ഭാവങ്ങളനുസരിച്ച് പെരുമാറുമത്രെ. അവൻ പറയുന്ന ആദ്യത്തെ മോശം വാക്കിന്(മുതിർന്നവരെ "പോടാ" എന്ന് സംബോധന ചെയ്യുന്ന പോലെ എന്തുമാകാം) നിങ്ങൾ നൽകുന്നത് ചിരിയാണെങ്കിൽ അവർ അതാവർത്തിച്ചുകൊണ്ടേയിരിക്കും. ആദ്യം കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും പിന്നീടത് പ്രയാസമാകും. മറിച്ച് അല്പം ദേഷ്യമാണ് മുഖത്തെ ഭാവമെങ്കിൽ പിന്നീടവർ അതിനു തുനിയില്ല(ആദ്യമായി പറയുകയാണെങ്കിൽ മാത്രം,ശീലമായി കഴിഞ്ഞുള്ള മാറ്റത്തിന് മറ്റുവഴികളുണ്ട്).നിങ്ങൾ പരീക്ഷിച്ചു നോക്കിക്കോളൂ. അവർ ആവർത്തിക്കരുതെന്ന് കരുതുന്ന അവരുടെ ചെയ്തികളെ( പേപ്പറുകൾ വലിച്ചുവാരിയിടുന്നത് പോലുള്ളവ) നിങ്ങൾ അവഗണിക്കുന്നതിലൂടെയും അവർക്ക് അത്തരം കാര്യങ്ങൾ ചെയ്യുവാനുള്ള പ്രവണത കുറയും. അവരുടെ കണ്ണിലേക്കു നോക്കി നിങ്ങൾക്ക് പറയാനുള്ളത് മനസ്സിൽ പറഞ്ഞു നോക്കു. അവർ അനുസരിക്കുന്നത് കാണാം. അല്പം മുതിർന്നു പോയ കുട്ടികളാണെങ്കിൽ ചെറിയ ശിക്ഷകളൊക്കെ ആകാം. അത് നിങ്ങളുടെ ദേഷ്യം തീർക്കാനാകരുത്. അവരുടെ തെറ്റ് അവരെ ബോധ്യപ്പെടുത്താനാകണം. നിങ്ങൾക്ക് ഇനിയുമെന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾക്കെഴുതുവാൻ മടിക്കേണ്ട dream4kerala@gmail.com).നിങ്ങളുടെ കുട്ടിയെ, അനാവശ്യമായി നിയന്ത്രിക്കാതിരിക്കുക,ഒരു പട്ടം പോലെ ആകാശത്തോളം അവർ പറക്കട്ടെ, അവരറിയാത്തൊരു നൂൽ അവരുടെ സുഗമമായ സഞ്ചാരത്തിനായി നിങ്ങളുടെ കയ്യിൽ ഉറപ്പായും ഉണ്ടാകണം എന്ന് മാത്രം....🤗

below fold

bottom ad

new display theme