Type Here to Get Search Results !

മക്കളെ എങ്ങനെ മിടുക്കരാക്കാം...(2)


ഡ്രീം കേരളയുടെ മക്കളെ എങ്ങനെ മിടുക്കരാക്കാം  എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗത്തിലേക്ക്‌ കടക്കാം.... വീടിന്റെ ചുവരൊക്കെ കുത്തിവരയ്ക്കുന്നതിന് പിന്നിലുള്ള കുട്ടികളുടെ മനോനില എന്താകുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?? മണ്ണറിഞ്ഞു വളം ചെയ്യണമെന്ന് കേട്ടിട്ടില്ലേ? പറഞ്ഞു വരുന്നത് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ സാഹചര്യങ്ങളിൽ കുട്ടികളുടെ മനസ്സ് എന്താണെന്ന് മനസ്സിലാക്കാതെ ശാസന ഫലം ചെയ്യില്ല എന്നതാണ്.
 (ആദ്യഭാഗം വായിക്കാത്തവർക്ക് - see previous part)

തേങ്ങ ഉടയ്ക്ക്  സ്വാമീ.... 

ഒന്നാമത്തെ സാഹചര്യം നോക്കാം നമുക്ക്. നിങ്ങളുടെ കുട്ടി തിരക്കിനിടയിൽ നിങ്ങളെ സഹായിക്കാം എന്ന ചിന്തയിലാകും ആ ഗ്ലാസ് ചിലപ്പോൾ എടുത്തിട്ടുണ്ടാവുക. അബദ്ധവശാൽ ആ ഗ്ലാസ് നിലത്ത് വീണെന്ന രണ്ടാമത്തെ സാഹചര്യവും നോക്കാം. എല്ലാവരുടെയും മുന്നിൽ വെച്ച് ശകാരിക്കുന്നതിനു പകരം കരയാൻ വെമ്പി നിൽക്കുന്ന നിങ്ങളുടെ കുട്ടിയെ ഒന്ന് വാരിപ്പുണർന്നാലോ?എത്ര വിലപിടിപ്പുള്ളതായാലും മക്കളോളം മതിപ്പ് മറ്റൊന്നിനോടും നിങ്ങൾക്കുണ്ടാകില്ല എന്ന് കരുതിക്കോട്ടെ. കുട്ടിയുടെ മുന്നോട്ടുള്ള വഴികളിൽ ധൈര്യത്തോടു കൂടി ഏതു കാര്യത്തിനും മുന്നിട്ടിറങ്ങാൻ അതിലൂടെ കുട്ടിയെ പ്രാപ്തരാക്കുകയാണ് നിങ്ങൾ.അത് മാത്രമോ, എത്ര വലിയ പരാജയമുണ്ടായാലും തങ്ങളുടെ രക്ഷിതാക്കൾ ഒപ്പം ഉണ്ടാകും എന്ന വിശ്വാസം അവരിൽ ഊട്ടി ഉറപ്പിക്കുകയാണ് നിങ്ങൾ.  

അങ്ങനെ ചെയ്താൽ എന്റെ കുട്ടി പിന്നെയും അങ്ങനെ തന്നെ ചെയ്യില്ലേ???അപ്പോൾ തോന്നുന്ന ദേഷ്യം അടക്കാൻ പിന്നെന്താ ചെയ്യുക?

കുട്ടി അങ്ങനെ ചെയ്യാതിരിക്കാനുള്ള അല്ലെങ്കിൽ വിലപിടിപ്പുള്ളത് നശിപ്പിക്കാതിരിക്കാനുള്ള മാർഗമൊക്കെ വഴിയേ പറയാം. അതിനു മുൻപ് ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ. നിങ്ങളുടെ കുട്ടിക്ക് പകരം വീട്ടിൽ വന്ന അതിഥികളിലാരുടെയെങ്കിലും കുട്ടിയാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിലോ? അവരെ ഒന്ന് വഴക്ക് പറയാൻ പോലും നിങ്ങൾ മടിച്ചേക്കില്ലേ? നിങ്ങളുടെ കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ലൈസൻസ് നിങ്ങൾക്കാരും തന്നിട്ടില്ല എന്ന് മനസ്സിലാക്കു. നിങ്ങളുടെ ദേഷ്യം തീർക്കാനുള്ള മാർഗം അല്ലാ അത്. കുട്ടികളെ മിടുക്കരാക്കണമെങ്കിൽ നിങ്ങൾ രക്ഷിതാക്കൾ പക്വത കാണിക്കേണ്ടതുണ്ട്. ഇനി കഴിഞ്ഞ ഭാഗത്തിൽ അവസാനം പറഞ്ഞ സാഹചര്യം മൂന്ന് കൂടി പറയാം. ഗ്ലാസ് സുരക്ഷിതമായി നിങ്ങളുടെ സമീപത്തു ഉയരത്തിൽ എത്തിവലിഞ്ഞു വെയ്ക്കുക എന്നത് മൂന്ന് വയസുള്ള നിങ്ങളുടെ കുട്ടിയെ സംബന്ധിച്ച് ഭഗീരഥ പ്രയത്നം തന്നെയാണ്. അത് ചെയ്ത് കഴിഞ്ഞാൽ അവരുടെ മുഖത്ത് വിടരുന്ന ഒരു ചിരിയുണ്ടാകും. നിങ്ങൾ ആദ്യമായ് ഡ്രൈവിംഗ് ലൈസൻസ് എടുത്തപ്പോഴോ,നിങ്ങൾ നിങ്ങളുടെ കഴിവിനൊത്ത ജോലി നേടുമ്പോഴോ നിങ്ങളുടെ ചുറ്റുമുള്ളവരിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന അഭിനന്ദനമാണ് അല്ലെങ്കിൽ പ്രോത്സാഹനമാണ് നിങ്ങളുടെ കുട്ടി ആ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത്. മറിച്ച് നിങ്ങൾ നൽകുന്നതോ?? 
          നമ്മൾ മുതിർന്നവരായാലും മറ്റുള്ളവരിൽ നിന്ന് ഏറെ പ്രതീക്ഷിക്കുന്നതല്ലേ അത്. നല്ലൊരു കറി വെച്ചുണ്ടാക്കുമ്പോഴും, പുതിയ വസ്ത്രം വീട്ടിലുള്ളവർക്കായ് വാങ്ങി വരുമ്പോഴും എല്ലാം നമ്മൾ പ്രതീക്ഷിക്കുന്നതും നമുക്ക് കിട്ടാത്തതും അതല്ലേ. നിങ്ങളുടെ കുട്ടികളെ അവർ ചെയ്യുന്ന അവരുടെ കഴിവിനപ്പുറത്തെ കാര്യങ്ങൾ(നിങ്ങളുടെ കണ്ണിലെ ചെറിയ കാര്യങ്ങൾ)  കാണുമ്പോൾ ഒന്ന് പ്രോത്സാഹിപ്പിച്ചു കൂടെ നിങ്ങൾക്ക്. അവരുടെ വളർച്ചയിലെ പാതയിൽ കല്ലും മുള്ളും നിറഞ്ഞ വഴികളിൽ അവർക്കു താങ്ങായി തണലായി മാറാൻ നിങ്ങൾക്ക് കഴിയേണ്ടതുണ്ട്. 

 ഞങ്ങൾ ഇങ്ങനെ തന്നാണ് കേട്ടോ😊...ഈ വീട്ടിലെ ഭിത്തിയിൽ കുത്തിവരയ്ക്കാനുള്ള സ്വാതന്ത്ര്യം പോലും അവർക്കിവിടുണ്ട്😣 

ഇങ്ങനെ എല്ലാത്തിനും നിങ്ങൾ സ്വാതന്ത്ര്യം കൊടുത്താൽ മറ്റൊരു വീട്ടിൽ ചെല്ലുമ്പോൾ അവിടെയും നിങ്ങളുടെ കുട്ടി ഇങ്ങനെ ചെയ്യില്ലേ? ചിന്താവിഷ്ടയായ ശ്യാമള യിലെ ശ്രീനിവാസന്റെ ഭക്തി പോലെ എല്ലാം കൂടിപ്പോയാലും കുഴപ്പമാണ്,തീരെ ഇല്ലാതെ പോയാലും കുഴപ്പമാണ്. ഒരു പരിധിയിൽ കവിഞ്ഞ സ്വാതന്ത്ര്യവും, നിയന്ത്രണവും ഒരുപോലെ ദോഷം ചെയ്യും എന്ന് നിങ്ങൾക്കിനി എന്നാണു മനസ്സിലാവുക.? എന്തിനാണ് നിങ്ങളുടെ കുട്ടി ഭിത്തിയിൽ കോറിയിടുന്നതെന്നും,കൈ എത്തുന്നിടത്തെ പേപ്പറുകളും മാസികകളും ഒക്കെ വലിച്ചുവാരി നിലത്തിടുന്നതെന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? 

അവരുടെ കുരുത്തക്കേട്.......അല്ലാതെന്ത്!! 

കഴിഞ്ഞ പോസ്റ്റിൽ ആദ്യം തന്നെ ശ്രദ്ധക്ഷണിക്കലിനെ പറ്റി പറഞ്ഞ കാര്യം നിങ്ങൾ ഓർക്കുന്നുണ്ടോ? കണ്ണാടിയിൽ നിങ്ങൾ അണിഞ്ഞൊരുങ്ങുന്നതിനെ പറ്റി സംസാരിച്ചത് മറന്നിട്ടില്ലല്ലോ അല്ലേ. നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ പല പണികളും പരീക്ഷിച്ച് വശംകെട്ടാണ് അവരീ സാഹസത്തിനു മുതിരുന്നത്. അതിൽ അവർ വിജയിക്കുന്നത് കൊണ്ട് വീണ്ടും വീണ്ടും ചെയ്യുന്നു എന്ന് മാത്രം. അവരുടെ നല്ല പ്രവർത്തികൾ അംഗീകരിക്കാതെ അവർ ചെയുന്ന മോശം പ്രവർത്തികൾ ശ്രദ്ധിക്കുകയും അതിനോട് നെഗറ്റീവായി നിങ്ങൾ പ്രതികരിക്കുകയും ചെയ്യുമ്പോൾ നെഗറ്റീവ് റെസ്പോൺസ് കിട്ടാനുള്ള വഴികൾ കുട്ടികൾ വേഗത്തിൽ തിരഞ്ഞെടുക്കുന്നു. അവർക്ക് മാർഗ്ഗമല്ല.,ലക്ഷ്യമാണ്(നിങ്ങളുടെ ശ്രദ്ധ) പ്രധാനം!!! 

ഈ ശീലം വികൃതിയുടെ ഭാഗമല്ലാരുന്നോ🤔ഇനി അത് മാറ്റാൻ പറ്റുമോ😇?? 

 നിങ്ങൾ മനസ്സിരുത്തി ശ്രമിച്ചാൽ പിന്നെ നടക്കാതിരിക്കുമോ?വിലപിടിപ്പുള്ളതൊക്കെ നശിപ്പിക്കാതിരിക്കുവാനും,എങ്ങനെ നെഗറ്റീവ് റെസ്പോൺസ് ഒഴിവാക്കാം എന്നും,കുട്ടിക്കളി എങ്ങനെ ശെരിയായി കൈകാര്യം ചെയ്യാം എന്നും ഒക്കെ ഡ്രീം കേരളയുടെ അടുത്ത പോസ്റ്റിൽ (see next part)പറയാം....

below fold

bottom ad

new display theme