Type Here to Get Search Results !

മക്കളെ എങ്ങനെ മിടുക്കരാക്കാം....(1)


"ഈ കുട്ടികൾ എന്ത് പറഞ്ഞാലും അനുസരിക്കില്ല,ഒടുക്കത്തെ വാശിയും" അച്ഛനമ്മമാർക്ക് ഇക്കാര്യത്തിൽ യാതൊരു അഭിപ്രായവ്യത്യാസവും ഇല്ല. സത്യത്തിൽ കുട്ടികളാണോ തെറ്റുകാർ. ഡ്രീം കേരളയുടെ അഭിപ്രായത്തിൽ തെറ്റുകാർ നിങ്ങൾ തന്നെയാണ്. ഉൾക്കൊള്ളാൻ കുറച്ച് വിഷമം കാണുമെന്നറിയാം. നമുക്ക് നോക്കാം. 
                  കുട്ടികൾ എന്തിന് വേണ്ടി വികൃതികളാകുന്നു?? നമ്മൾ മുതിർന്നവർ നാലാള് കൂടുന്ന ഒരു ചടങ്ങിന് പോകുമ്പോൾ പതിവിലധികം കണ്ണാടിക്ക് മുന്നിൽ ചിലവഴിക്കാറില്ലേ? അതുമിതും തമ്മിൽ എന്ത് ബന്ധം എന്നല്ലേ. ബന്ധമുണ്ടന്നേ...നമ്മളും അവരും മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാൻ ആണീ പരാക്രമമൊക്കെ. ചെറിയൊരു വ്യത്യാസമെന്തെന്നാൽ കുട്ടികൾ നിങ്ങൾ അച്ഛനമ്മമാരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണീ പെടാപ്പാടു പെടുന്നത്. 

 എന്ത് മനോഹരമാണ് അല്ലേ? അതോ ശല്യമോ? 

നിങ്ങളുടെ കുട്ടികൾ ബഹളമുണ്ടാക്കുമ്പോൾ നിങ്ങൾക്കിതിൽ ഏതാണ് തോന്നുക. നാടോടിക്കാറ്റിൽ ദാസനും വിജയനും പറയുന്ന പോലെ മനോഹരമാണെന്ന് തോന്നിയിട്ട് പിന്നീടത് മാറുവാറുണ്ടോ? മിക്കവർക്കും ശല്യമാണ്. എങ്ങനേലും അവരെ ഒഴിവാക്കാൻ കാർട്ടൂൺ ചാനൽ ഇടുകയോ, മൊബൈൽ കയ്യിലെടുത്ത് കൊടുക്കുകയോ ചെയ്ത് നിങ്ങൾ അതിൽ ആശ്വാസം കണ്ടെത്തും. അല്ലേ ? നിങ്ങൾ നിങ്ങളുടെ കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണത്. അവരുടെ ലോകത്തെ ക്രിയാശേഷിയെ നശിപ്പിച്ച് അലസരാക്കുകയാണ് നിങ്ങൾ.

 നിങ്ങൾക്കതൊക്കെ പറയാം,എനിക്കേ അറിയൂ ഇതുങ്ങളെ അടക്കി ഇരുത്തുന്ന പാട്!!! 

 ഇതാണ് നിങ്ങളുടെ മാനസ്സികാവസ്ഥയെങ്കിൽ താഴോട്ട് വായ്‌ക്കേണ്ടതില്ല. മറിച്ചു നിങ്ങളുടെ കുട്ടിയുടെ ആരോഗ്യവും ക്രിയാശേഷിയും വളർത്തി എല്ലാത്തിനോടും പോസിറ്റീവായ സമീപനം പുലർത്തുന്ന ഒരാളാക്കി മാറ്റണമെങ്കിൽ കുറച്ച് കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.

 അതിന് എന്റെ കുട്ടികളോട് നെഗറ്റീവായി ഒന്നും പറയുന്നില്ലല്ലോ,അവരുടെ മുന്നിൽ വെച്ച് ചെറിയ നുണകൾ പോലും പറയാറില്ല.അതൊക്കെ ഞങ്ങൾക്കറിയാവുന്ന കാര്യങ്ങളാണ്😏😏 

        വളരെ നല്ല കാര്യമാണ്. കുട്ടികളുടെ മുന്നിൽ നുണ പറയുന്നതോ അവരെക്കൊണ്ടു പറയിക്കുന്നതോ ഒക്കെ അവരെ മോശമായി സ്വാധീനിക്കും. എന്തിനേറെ അവരുടെ മുന്നിൽ വെച്ച് ഉണ്ടാകുന്ന കലഹങ്ങളിൽ പറയുന്ന മോശം വാക്കുകൾ പോലും അതേപോലെ പിടിച്ചെടുത്ത് മറ്റേതെങ്കിലും സാഹചര്യത്തിൽ ഉപയോഗിക്കുന്നതിന് എത്രയോ അനുഭവങ്ങൾ നിങ്ങളുടെ മുന്നിലുണ്ടാകും,അല്ലേ! അപ്പോൾ അതൊക്കെ ഒഴിവാക്കിയത് കൊണ്ടായോ??അവരെ വഴക്ക് പറയുമ്പോൾ, അവരുടെ ഉപബോധ മനസ്സിൽ നിങ്ങൾ അറിയാതെ ഏൽപ്പിക്കുന്ന നെഗറ്റീവ് ചിന്തകളുടെ കാര്യമോ. അതും ഒഴിവാക്കണ്ടതല്ലേ?

തിനിപ്പോ അവരുടെ പ്രായത്തിൽ ഞങ്ങൾ അവരെക്കാളും വഴക്കു കേട്ടും അടികൊണ്ടും വളർന്നവരാ.അതിന്റെ പകുതി പോലും ഞങ്ങൾ ചെയ്യാറില്ല.... 

 ഒന്ന് ചോദിക്കട്ടെ,ഒരു പൊതുസദസ്സിൽ നിങ്ങൾക്കറിയുന്ന ഒരു പാട്ടു പാടാനോ, നിങ്ങൾക്കറിയുന്ന ഒരു വിഷയത്തെ പറ്റി എല്ലാരോടും ഒന്ന് പ്രസംഗിക്കാനോ ആവശ്യപ്പെട്ടാൽ മുന്നൊരുക്കങ്ങളില്ലാതെ എത്രപേർക്ക് കഴിയും? നിങ്ങൾ പഠിച്ചു വന്ന ക്ലാസ്സുകളിൽ അധ്യാപകൻ ചോദിച്ച പല ചോദ്യങ്ങൾക്കും ഉത്തരമറിയാമെങ്കിൽ പോലും പറയാൻ ധൈര്യം കാണിച്ചവരായിരുന്നോ നിങ്ങൾ? ഇതിന്റെ വിശദീകരണം പറയുന്നതിന് മുൻപ് മറ്റൊരു ചോദ്യത്തിന്റെ ഉത്തരം എനിക്കറിയേണ്ടതുണ്ട്. നിങ്ങളുടെ മക്കൾ അവരെക്കൊണ്ട് കഴിയാത്ത ഒരു കാര്യം ചെയ്യാൻ ശ്രമിച്ചാൽ നിങ്ങൾ എന്താകും ആദ്യം പറയുക? 

ഒരു സംശയവും ഇല്ല, ഞങ്ങൾ മക്കളെ പ്രോത്സാഹിപ്പിക്കും😊 

നിങ്ങളുടെ മനസ്സിലെ ഉത്തരം ഇങ്ങനെയാകും. ശെരി,നല്ലത്... എന്നാൽ ഇനി ഒരു 3 സാഹചര്യം കൂടി പറയാം. 1)നിങ്ങളുടെ വീട്ടിൽ കുറച്ച്അതിഥികൾ ഉള്ള സമയത്ത് വീട്ടിലെ വിലപിടിപ്പുള്ള ഒരു ഗ്ലാസ് നിങ്ങളുടെ 3 വയസ്സുള്ള കുട്ടി അവനെ/അവളെക്കാൾ ഉയരത്തിൽ ഉള്ള ടേബിളിൽ നിന്നും എടുക്കാനായി പോകുന്നു?
 2) അതെടുക്കുന്ന വഴിക്ക് അത് നിലത്ത് വീണ് പൊട്ടുന്നു?
 3) അവൻ അല്ലെങ്കിൽ അവൾ ആ ഗ്ലാസ് പൊട്ടാതെ നിങ്ങളുടെ അടുക്കളയിൽ അല്പം പ്രയാസപ്പെട്ട് എത്തിവലിഞ്ഞു വെയ്ക്കുന്നു?  
       ഈ മൂന്നു സാഹചര്യത്തിലും നിങ്ങൾ കുട്ടിയോട് എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാനാകുന്നുണ്ടോ? ആദ്യത്തെ സാഹചര്യത്തിൽ കുട്ടിയുടെ അടുത്ത് നിന്ന് ഗ്ലാസ്സെടുത്ത് മാറ്റും എന്നതാകും കൂടുതൽ പേരും ചെയ്യുക. ഗ്ലാസ്സുടയുന്ന രണ്ടാമത്തെ സാഹചര്യത്തിൽ, അതിഥികളുടെ മുന്നിൽ വെച്ച് വഴക്കും,രണ്ടടിയും നിങ്ങളുടെ കുട്ടിക്ക് ലഭിക്കാനുള്ള അർഹത നിങ്ങൾ കാണുന്നുണ്ട്. മൂന്നാമത്തെ സാഹചര്യം നിങ്ങളുടെ കണ്ണിൽ പെട്ടാൽ, "ആവിശ്യമില്ലാത്തതൊക്കെ വലിഞ്ഞു കയറി അതൊക്കെ എടുത്ത് നശിപ്പിക്കാനായിട്ട്,നിനക്കത് അവിടെ വെച്ചാൽ പോരെ" എന്നും ദേഷ്യത്തിൽ ചോദിച്ചെന്നിരിക്കും. 

 ഞങ്ങളും ഇങ്ങനെ വഴക്കു കേട്ട് വളർന്നവരാണ്.എന്നിട്ട് ഞങ്ങൾക്കെന്തേലും കുഴപ്പമുണ്ടോ?

 മുകളിൽ പറഞ്ഞ പ്രസംഗിക്കാനുള്ള ബുദ്ധിമുട്ടും,അറിയാമെങ്കിൽ പോലും പാടാനുള്ള ബുദ്ധിമുട്ടും ഒക്കെ നിങ്ങളുടെ കുഴപ്പങ്ങൾ അല്ലേ? ചെയ്താൽ ശെരിയാകുമോ എന്നുള്ള പേടി നിങ്ങളിൽ എന്ന് തുടങ്ങി?നിങ്ങളുടെ കുട്ടിക്കാലത്തു നിങ്ങൾ ചെയ്യാനാഗ്രഹിച്ച, പറയാനാഗ്രഹിച്ച കാര്യങ്ങൾ നിർബന്ധപൂർവം തടഞ്ഞതോ,ചെയ്തപ്പോൾ കിട്ടിയ ശിക്ഷയോ,കളിയാക്കലുകളോ നിങ്ങളുടെ ഉപബോധ മനസ്സിൽ ഉള്ളതിന്റെ പരിണിത ഫലമാണ് ഈ ബുദ്ധിമുട്ട്.

 അപ്പോൾ പിന്നെ ഞങ്ങളുടെ കുട്ടികൾ എന്ത് ചെയ്താലും ഒന്നും പറയരുതെന്നാണോ??നേരത്തേ പറഞ്ഞ സാഹചര്യങ്ങളിലേതു പോലെ വിലപിടിപ്പുള്ളത് നശിപ്പിച്ചാൽ പ്രോത്സാഹിപ്പിക്കുന്നതെങ്ങനാണ്😇😇 

രക്ഷിതാക്കൾ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് അവരുടെ മനോഭാവം അഥവാ അവരുടെ ചിന്തകൾ എങ്ങനെയെന്ന് മനസ്സിലാക്കിയിട്ടാകണം.അല്ലെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുവാൻ ഇടയാകും. മുകളിൽ പറഞ്ഞ പോലെയുള്ള സാഹചര്യങ്ങളിൽ കുട്ടികളുടെ മനോഭാവം എന്തെന്നും, വീടിന്റെ ചുവരൊക്കെ അഴുക്കാക്കുന്നതിന് പിന്നിലുള്ള അവരുടെ മനോനിലയും ഒക്കെ എന്താണെന്നും,മക്കളെ എങ്ങനെ മിടുക്കരാക്കാം എന്നും ഡ്രീം കേരളയുടെ അടുത്ത പോസ്റ്റിൽ (see next part)പറയാം. 

below fold

bottom ad

new display theme