Type Here to Get Search Results !

വീട് നിർമ്മാണം ലാഭത്തിലാക്കാം.....



മിക്ക മലയാളികളും എടുത്തുചാടി ചെയ്യുന്ന ഒന്നാണ് വീട് നിർമ്മാണം. കയ്യിലുള്ളതും കടമെടുത്തും എല്ലാം ചേർത്ത് വലിയ ഒരു വീട് ഉണ്ടാക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്‌താൽ പകുതി സമാധാനമാണ് നമ്മളിൽ ബഹുഭൂരിപക്ഷത്തിനും. എന്നാൽ ഈ സമാധാനം ശാശ്വതമാണോ???
നമുക്കൊന്ന് നോക്കിയാലോ!!
              വീട് നിർമ്മാണത്തിനായി ആലോചിക്കുമ്പോൾ ചിന്തിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്...

=> വീട് പുതുക്കുകയോ,പുതിയത് പണിയുകയോ ചെയ്യേണ്ടതിന്റെ ആവശ്യകത? 

            നിലവിലുള്ള വീടിന്റെ സൗകര്യക്കുറവോ പഴക്കമോ ഒക്കെ കാരണമാകാം. ഇങ്ങനെ സ്ഥിരതാമസത്തിനായി വീട് നിർമിക്കുമ്പോൾ വാസ്തുവും മറ്റു വിശ്വസങ്ങളും ആദ്യമേ തന്നെ ഒന്നോ അതിലധികമോ ആളുകളെ കാണിച്ചുറപ്പു വരുത്തുന്നത് പിന്നീടുള്ള പാഴ്ച്ചിലവ് കുറയ്ക്കുന്നതിന് സഹായകരമാണ് (വാസ്തു ശരിയല്ല എന്നു പറഞ്ഞുള്ള പൊളിച്ചുമാറ്റൽ പൊതുവെ കണ്ടുവരുന്നതാണ്). വെള്ളത്തിന്റെ ലഭ്യത വേനൽക്കാലത്തും ഉറപ്പ് വരുത്തി വേണം പുതുതായി വീട് നിർമിക്കുന്നിടം കണ്ടെത്തുവാൻ. മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമല്ല എന്നും ഉറപ്പുവരുത്തണം. ജോലി സംബന്ധമായ സൗകര്യത്തിനു നഗരപരിധിയിലുള്ള ജോലി സ്ഥലത്തോട് ചേർന്നു വീട് നിർമിക്കുന്നതോ വാങ്ങുന്നതോ തെറ്റല്ല. ഫലപ്രദമായി ഉപയോഗിക്കണം എന്ന് മാത്രം. നിലവിലുള്ള വീട് വാടകയ്ക്കോ മറ്റോ നൽകുവാൻ കഴിയുന്നവർ ആ വഴിക്ക് ആലോചിക്കാം.ജോലിസ്ഥലത്ത് വാടക നൽകി വീടെടുക്കുന്നത് നമുക്ക് ഇതിലൂടെ ഒഴിവാക്കാം. വാങ്ങുന്ന സമയത്തെ വിപണിവിലയേക്കാൾ പതിന്മടങ്ങു മൂല്യം ജോലിയിൽ നിന്ന് പിരിയുന്ന സമയം നഗരപരിധിയിലെ വീടിനു ഉറപ്പാണ്. ജോലിയിൽ നിന്നും പിരിയുന്ന സമയം സ്വന്തം  നാട്ടിൽ വാടകയ്ക്കായ് കൊടുത്ത വീട്ടിലേക്ക് മാറുകയും ജോലിസ്ഥലത്തെ വീട് വാടകയ്‌ക്ക് കൊടുക്കുകയോ, വിൽക്കുകയോ ചെയ്യാവുന്നതും ആണ്. നഗരപരിധിയിൽ ആയതു കൊണ്ട് തന്നെ വാടകയ്ക്ക് താമസിക്കാൻ ആവശ്യക്കാർ കൂടുതലായതിനാൽ തരക്കേടില്ലാത്ത വാടകയും  ലഭിക്കുന്നതാണ്.
        പിന്നീടുള്ള ആവശ്യം വീട് വരുമാനമാർഗമാക്കുന്നതിലൂടെയാണ്. ആ സാധ്യത പരിമിതമാണ്. എന്നാൽ ആ പരിമിതി ഒരു കൂട്ടം ആളുകൾക്ക് വൻ സാധ്യതയുമാണ്. ഏതെങ്കിലുമൊരു ടൂറിസം മേഖലയുമായി(ഇടുക്കി,വയനാട്,എറണാകുളം,ആലപ്പുഴ,കോഴിക്കോട്) ചേർന്നിട്ടാണ് നിങ്ങളുടെ നിലവിലെ വീടെങ്കിൽ മുകളിലത്തെ നിലയിൽ ഹോം സ്റ്റേ പോലുള്ള സൗകര്യങ്ങൾ ഒരുക്കാവുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ഐ.ടി സ്ഥാപനങ്ങൾ,മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവയോടൊക്കെ ചേർന്നും ഇതിനു വലിയ സാധ്യതകളാണുള്ളത്. പെയ്ഡ് ഹോസ്റ്റൽ മാതൃകയിൽ സൗകര്യങ്ങൾ  തയ്യാറാക്കണമെന്നു മാത്രം. ആദ്യമുള്ള ചിലവ് മാത്രമാണ് മുതൽമുടക്കിനായി വേണ്ടി വരുന്നത് എന്നതാണ് ഇതിന്റെ ആകർഷണം.

=> എങ്ങനെ  നിർമാണചിലവ് കുറയ്ക്കാം?

       ആദ്യമേ തന്നെ ഒന്ന് പറയട്ടെ. നമ്മുടെ കയ്യിൽ പണമുണ്ടെങ്കിലും കടമെടുത്തായാലും ആവശ്യം മനസ്സിലാക്കി മാത്രം വീടുപണിയുക. നമ്മുടെ സ്ഥിരതാമസത്തിനു വേണ്ടിയുള്ളതാണെങ്കിൽ ആവിശ്യത്തിനപ്പുറത്തേക്ക് പോകുന്ന നിർമാണ പ്രവർത്തികൾ നിഷ്ക്രിയ ആസ്തിയിലേക്കു മാറുകയാണ്. മുറികളുടെ എണ്ണം ആവശ്യത്തിൽ കൂടുതലാകുന്നത്,വീടിന്റെ വലിപ്പം എല്ലാം ഇതിൽ സ്വാധീനിക്കും. നമുക്കു വേണ്ട വിധത്തിൽ ഉപയോഗിക്കാവുന്ന ഒരു തുക നിഷ്ക്രിയ ആസ്തിയിലേക്ക് പോകാതെ നോക്കുക. എന്ന് കരുതി 50 സ്ക്വ്‌യർ ഫീറ്റ് ഒക്കെ ലാഭത്തിനു വേണ്ടി അനാവശ്യമായി കുറയ്ക്കരുത്.ഒരു ഇരുപതു വർഷത്തേക്കുള്ള മാറ്റങ്ങൾക്ക്, വേണ്ടിവരുന്ന സൗകര്യങ്ങൾ കണക്കാക്കി സ്ഥലം എടുക്കുക.
          വീടിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ 3ഡി ഡിസൈനും ഉൾപ്പെടുത്തി തയ്യാറാക്കുന്നത് നല്ലതായിരിക്കും.  അനാവശ്യമായി ഉള്ള കെട്ടിപ്പൊക്കാലുകളും, ആഡംബരവും ഒഴിവാക്കുക. കാലാകാലങ്ങളിൽ വീടിന്റെ ഡിസൈനുകൾ മാറി മാറി വരുന്നതാണ്. ഇപ്പോഴുള്ള ആകർഷണം പത്തുകൊല്ലം കഴിയുമ്പോൾ അനാകർഷണമാകും. വിസ്തീർണത്തിന്റെ കാര്യത്തിൽ ആദ്യമേ തന്നെ വ്യക്തത വരുത്തുക. ഇന്റീരിയർ സ്പേസിങ് കണക്കു കൂട്ടി വേണം ഇത് തയ്യാറാക്കുവാൻ.
         ഇരുപതു വർഷങ്ങളിലേക്കുള്ള ആവശ്യങ്ങൾ കണക്കിലെടുത്തു നിർമിക്കുമ്പോൾ ഇപ്പോൾ അത്യാവശ്യമില്ലാത്ത ഭാഗത്തിന്റെ (മുറികൾ,ടോയ്ലറ്റ് എന്നിങ്ങനെ ഏതുമാകാം) ഫിനിഷിങ് ജോലികൾ പിന്നീടെപ്പോഴെങ്കിലും ആവശ്യാനുസരണം ചെയ്ത് തീർക്കാവുന്നതാണ്.
        ലാഭത്തിനായി ഗുണമേന്മ കുറഞ്ഞ വസ്തുവകകൾ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക.

    => പണി കരാറ് കൊടുക്കണോ, സ്വയം ചെയ്യണോ?

              വീടുപണി നടക്കുന്ന സമയങ്ങളിൽ നമുക്ക് കൂടെ നിൽക്കുവാൻ കഴിയുമെന്നുണ്ടെങ്കിലും, അത്യാവശ്യം ഇലക്ട്രോണിക്സ് , പ്ലംബിംഗ്, ടൈൽസ് സിമന്റ്,മണൽ,കട്ട തുടങ്ങി സ്ഥാപനങ്ങളിൽ കുറച്ചു സ്ഥാപങ്ങളുമായെങ്കിലും അടുപ്പക്കാരോ, പരിചയക്കാരോ ഉണ്ടെങ്കിലും നമ്മൾ പണി ദിവസക്കൂലിക്ക് ആളെ വെച്ച് ചെയ്യിക്കുന്നതാകും ലാഭം. വീടിന്റെ പ്ലാനിൽ ഇടയ്ക്ക് വെച്ച് നമുക്ക് തോന്നുന്ന കൂട്ടിച്ചേർക്കലുകളും കുറയ്ക്കലുകളും വലിയ നഷ്ടം വരാതെ ചെയ്യുവാൻ സാധിക്കും എന്നതും, ഗുണമേന്മയുള്ളവ നിർമാണത്തിനായി ഉറപ്പു വരുത്താമെന്നതും നല്ല വശമാണ്. ഇതല്ലാത്ത പക്ഷം അടങ്കലായി പണി ഏൽപ്പിക്കുന്നതാകും നല്ലത്. പരിചയക്കാരില്ലെങ്കിൽ കുറഞ്ഞത് 4 കരാറുകാരായെങ്കിലും ചർച്ച ചെയ്ത് നിർമാണത്തിനുപയോഗിക്കുന്നവയുടെ ഗുണമേന്മ ഉൾപ്പെടുത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ തീർക്കാവുന്ന തരത്തിൽ അനുയോജ്യമായ ഒരു കരാറിലെത്തുക. നമ്മുടെ സാമീപ്യം ദിവസത്തിലൊരിക്കലെങ്കിലും ഉറപ്പു വരുത്തുന്നത് ഗുണകരമാണ്.

=> കടമെടുത്ത്   ചെയ്യുമ്പോൾ എത്രവരെ ആകാം?

               നമ്മുടെ ഒരു മാസത്തെ മൊത്തവരുമാനത്തിൽ നിന്നും പകുതിയിലേറെ മാസത്തവണയായി അടവ് വരുന്ന തരത്തിൽ കടമെടുത്ത് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. സ്ഥിരമായി ലഭിക്കുമെന്ന് ഉറപ്പുള്ള വരുമാനം മാത്രം ഇതിനായി കണക്കാക്കുക. (ഉദാഹരണത്തിന് ടൂറിസം മേഖലയിൽ ഹോംസ്റ്റേ ആയി നിർമിച്ച വീടിനു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വരുമാനം സ്ഥിരവരുമാനമായി കണക്കാക്കരുത്.ഓഫ് സീസണിൽ പ്രതീക്ഷിക്കുന്ന മെച്ചം ഉണ്ടായെന്ന് വരില്ല.)മൊത്തവരുമാനത്തിന്റെ മൂന്നിലൊന്നാണ് കടമായി എടുക്കേണ്ടി വരുന്നതെങ്കിൽ കടമടച്ചു തീരുന്നതുവരെയും അതൊരു ബാധ്യതയായി നിങ്ങൾക്ക് തോന്നില്ല. കിട്ടാനെളുപ്പമുള്ള എതെങ്കിലും ലോൺ എടുക്കാതെ താരതമ്യേന പലിശ കുറവുള്ള ഹൗസിങ്ലോൺ തന്നെ ദേശസാൽകൃത ബാങ്കുകളിൽ നിന്നും എടുക്കുവാൻ ശ്രമിക്കുക.

below fold

bottom ad

new display theme