Type Here to Get Search Results !

ഹോമിയോപ്പതി ഒരു കപടശാസ്ത്രമോ!!?

            

               ഗ്രീക്ക് ഭാഷയിലെ "homoios"(ഒരുപോലെയുള്ള), "pathos"(അസുഖം) എന്നീ രണ്ടു വാക്കുകൾ കൂട്ടിചേർത്ത് ജർമ്മൻ ഭിഷഗ്വെരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ചികിത്സാ സമ്പ്രദായമാണ് ഹോമിയോപ്പതി(homeopathy).

അടിസ്ഥാനതത്വം

                 ഒരുപോലെയുള്ളവ അതുപോലെയുള്ള മറ്റൊന്നിനെ സുഖപ്പെടുത്തുന്നു(like cures like) എന്ന സിദ്ധാന്തമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനം. അക്കാലത്തു മലേറിയയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന സിങ്കോണ മരത്തിന്റെ തടി കഴിച്ച ഹാനിമാനിൽ മലേറിയയുടേതിന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടമായി.
                രോഗമില്ലാത്ത വ്യക്തി ഏതെങ്കിലും രോഗത്തിന് ഫലപ്രദമായ മരുന്ന് കഴിക്കുകയാണെങ്കിൽ ആ രോഗത്തിന് സമാനമായ ലക്ഷണങ്ങൾ അയാളിൽ പ്രകടമാകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ചികിത്സാരീതി

ഹോമിയോപ്പതി മരുന്നുകൾ നിർമിക്കുന്നത് സസ്യങ്ങൾ, ജന്തുക്കൾ, ധാതുക്കൾ എന്നിവയിൽ നിന്നും അങ്ങേയറ്റം നേർപ്പിച്ചെടുത്ത മിശ്രിതങ്ങളാണ്. ഈ പദാർത്ഥങ്ങൾ ചേർത്ത ആൽക്കഹോൾ മിശ്രിതം പഞ്ചസാരയുടെ രൂപഭേദങ്ങളിൽ (ലാക്ടോസ്/ഫ്രക്ടോസ്) ചേർത്ത് ഗുളിക രൂപത്തിലാക്കുന്നു.

വിലയിരുത്തലുകൾ

ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ – കൊറോണക്കാലത്തെ അശാസ്ത്രീയത എന്ന വിഷയത്തെ അധികരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ &റിസർച്ചിലെ ഗവേഷകനായ
മിഥുന്‍ കെ മധു തയ്യാറാക്കിയ ഒരു ആർട്ടിക്കിളിലെ ചില ഭാഗങ്ങൾ കൂടി ഇതോടൊപ്പം കൂട്ടിച്ചേർക്കാം. 
മിഥുൻ പറയുന്നു,
ഹോമിയോപ്പതിയെപ്പറ്റി ഒരു കഥയുണ്ട്. രണ്ടു കുപ്പി ഹോമിയോഗുളികകള്‍ ഒറ്റയടിക്ക് അകത്താക്കിയ തന്റെ മകനെയും കൊണ്ട് ഒരച്ഛന്‍ ആശുപത്രി അത്യാഹിതവിഭാഗത്തില്‍ എത്തി പറഞ്ഞു:
‘ഡോക്ടറേ, എന്റെ മോനെ രക്ഷിക്കണം, അവന്‍ 2 കുപ്പി മരുന്ന് ഒന്നിച്ച് കഴിച്ചു’
‘എന്തു മരുന്നാണ്?’
ഡോക്ടര്‍ ചോദിച്ചു.
‘പനിക്കും ജലദോഷത്തിനും ഹോമിയോയീന്ന് തന്നതാ’
അച്ഛന്‍ പറഞ്ഞു.

കഥയുടെ ബാക്കി പറയുന്നില്ല. സാമാന്യബോധമുള്ള ഒരു മനുഷ്യന് ഉറപ്പിച്ചു പറയാന്‍ കഴിയും ആ കുട്ടിക്ക് ഒന്നും പറ്റിയിട്ടുണ്ടാവില്ല എന്ന്. നമ്മളില്‍ ഭൂരിഭാഗവും ചെറിയ പ്രായത്തില്‍ ഇതേപോലെ പഞ്ചസാര ഹോമിയോ ഗുളികകള്‍ (sugar globules) ആവശ്യത്തില്‍ കൂടുതല്‍ അകത്താക്കിയവരോ സ്‌കൂളില്‍ കൊണ്ടു ചെന്നു സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തവരോ അല്ലെങ്കില്‍ കൂട്ടുകാരുടെ കയ്യില്‍ നിന്ന് വാങ്ങിക്കഴിച്ചവരോ ഒക്കെ ആയിരിക്കും. എന്നിട്ടും എന്തുകൊണ്ടാണ് ഓവര്‍ഡോസ് ആയി നമുക്കു പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതിരുന്നത്? 2010ല്‍ ബ്രിട്ടണിലെ മേഴ്‌സിസൈഡ് സ്‌കെപ്റ്റിക് സൊസൈറ്റി എന്ന സംഘം ഹോമിയോപ്പതിമരുന്നുകള്‍ കുപ്പിയില്‍ നിന്നും മുഴുവനും വിഴുങ്ങികൊണ്ട് ഒരു സമരം നടത്തിയിരുന്നു. അത് ചെയ്ത ഒരാള്‍ക്കുപോലും യാതൊരുവിധ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടില്ല! എന്താണിതിനു കാരണം? ഒരു ‘ഇംഗ്ലീഷ് മരുന്നു’ പഞ്ചസാരയില്‍ ഇട്ടു തന്നാല്‍ പോലും ആരെങ്കിലും കുറേയെണ്ണം എടുത്തു വിഴുങ്ങാറുണ്ടോ? ഇല്ല. കാരണം നമുക്കെല്ലാവര്‍ക്കും അറിയാം ഹോമിയോപ്പതി ഓവര്‍ഡോസ് നമ്മുടെ ശരീരത്തെ ബാധിക്കുന്നതുപോലെയല്ല ഇംഗ്ലീഷ് മരുന്നിന്റെ പ്രവര്‍ത്തനമെന്ന്. ഓവര്‍ഡോസ് വിഷമയം ആയില്ലെങ്കില്‍ സാധാരണ (നോര്‍മല്‍) ഡോസുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? കൊറോണ ഉള്‍പ്പെടെയുള്ള നാനാവിധ അസുഖങ്ങള്‍ക്കായി കോടിക്കണക്കിന് ആളുകള്‍ ലോകവ്യാപകമായി ആശ്രയിക്കുന്ന ഹോമിയോപ്പതിക്ക് ശാസ്ത്രീയമായി എന്തടിത്തറയാണുള്ളത്? ഒന്നുമില്ലായെന്നാണ് ഒറ്റയുത്തരം. ആധുനിക ശാസ്ത്രം കപട (സ്യൂഡോ-സയന്‍സ്) മായി കണക്കാക്കിയിരിക്കുന്ന ഒരു വൈദ്യമേഖലയാണ് ഹോമിയോപ്പതി. ഇതൊരു സുപ്രഭാതത്തിലെടുത്ത തീരുമാനമല്ല. കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഹോമിയോപ്പതി മരുന്നുകള്‍ പരിശോധിച്ചെടുത്ത നിഗമനമാണ്.

ഹോമിയോപ്പതിയുടെ പ്രവര്‍ത്തതത്വങ്ങള്‍

ഏതൊരു രോഗത്തിന്റെയും യഥാര്‍ത്ഥ കാരണം കണ്ടെത്തുന്ന പാത്തോളജി (pathology) യെ ഹനിമാനും പിന്‍ഗാമികളും ഗൗനിച്ചില്ല. ലക്ഷണങ്ങളെ ചികിത്സിക്കുന്ന രീതിയാണ് ഹോമിയോപ്പതിയിലുള്ളത്. 200 വര്‍ഷം പഴക്കമുള്ള ഹനിമാന്റെ സിദ്ധാന്തങ്ങളുടെ ശാസ്ത്രാടിസ്ഥാനം ചോദ്യം ചെയ്യുന്നതിന് പകരം അതിനുളള ന്യായീകരങ്ങള്‍ കണ്ടെത്തലാണ് പിന്നീട് നടന്നത്. എന്താണ് ഹോമിയോപ്പതിയുടെ പ്രധാന തത്വങ്ങള്‍? അവയെന്തുകൊണ്ടാണ് അശാസ്ത്രീയമാകുന്നത്? സമം സമേന ശാന്തി (Similia similibus curantur or like cures like) എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വം. മലേറിയക്ക് ഹനിമാന്‍ സിന്‍കോണ കഴിച്ചതിലേതുപോലെ ഒരു പൂര്‍ണ ആരോഗ്യവാനായ വ്യക്തിയില്‍ ഒരു വസ്തു ഉണ്ടാക്കുന്ന ശാരീരിക മാറ്റങ്ങള്‍ ഒരു രോഗാവസ്ഥയില്‍ ലക്ഷങ്ങളായി കാണപ്പെട്ടാല്‍ ആ വസ്തു ആയിരിക്കും ആ രോഗത്തിനുള്ള പ്രതിവിധി. ഉദാഹരണത്തിന് തേനീച്ചയുടെ വിഷം പുരട്ടിയാല്‍ തൊലിപ്പുറത്തുള്ള തടിച്ചു പൊങ്ങലുകള്‍ ഭേദമാകും. അങ്ങനെയാണെങ്കില്‍ ചുമ വന്നാല്‍ സിഗരറ്റുവലി മരുന്നാക്കിക്കൂടെ, അല്ലെങ്കില്‍ ലിവര്‍ സീറോസിസിനു മദ്യമായിക്കൂടെ മരുന്നെന്നൊക്കെ സംശയം തോന്നാവുന്നതാണ്.

ആരോഗ്യവാനായ വ്യക്തിയില്‍ നേരിയ ലക്ഷണങ്ങള്‍ രൂപപ്പെടാന്‍ പാകത്തിനുള്ള അളവിലാണു മരുന്നുകള്‍ ഉണ്ടാക്കേണ്ടതെന്ന് ഹനിമാന്‍ സൈദ്ധാന്തീകരിച്ചു. അതുപ്രകാരം 1 : 4 മുതല്‍ 1 : 100, 000, 000 (ഒന്ന് : പത്തുകോടി) വരെ മരുന്നുകള്‍ നേര്‍പ്പിക്കണമെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്ര വലിയ നേര്‍പ്പിക്കലുകള്‍ കടലില്‍ കായം കലക്കുന്നതിന് തുല്യമാണെന്നു പരിഹാസ രൂപേണ ചോദ്യം ചെയ്യപ്പെട്ടതിനാല്‍ വെള്ളം ചേര്‍ക്കലിനു പുതിയൊരു വിശദീകരണവുമായി ഹനിമാന്‍ എത്തി. ശക്തിയില്‍ കുലുക്കുന്ന പ്രക്രിയകൊണ്ടു മരുന്നിന്റെ രോഗനിവാരണ ശക്തി (therapeutic power) വര്‍ധിക്കുമെന്നും അങ്ങനെ നേര്‍പ്പിച്ചാല്‍ വീര്യം കൂടുമെന്നും (potentization) അദ്ദേഹം പറഞ്ഞു. എല്ലാ ഹോമിയോപ്പതിമരുന്നുകളും നേര്‍പ്പിയ്ക്കുമ്പോള്‍ ലായനിയില്‍ അവ സൂക്ഷ്മമായ ആത്മീയ ശക്തി (dematerialized spiritual force) യായി നിലനില്‍ക്കുന്നു എന്ന ഹനിമാന്റെ വാദം ശാസ്ത്രമാണോ അന്ധവിശ്വാസമാണോയെന്നു മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.

ശക്തിയായി കുലുക്കി നേര്‍പ്പിച്ചാല്‍ വീര്യം കൂടുമെങ്കില്‍ കേരള ബീവറേജസ് കോര്‍പറേഷന്റെ ഔട്‌ലെറ്റുകളില്‍ നീണ്ടനിരകളൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ. മദ്യം ഒരൊറ്റ തവണ വാങ്ങിച്ചു നേര്‍പ്പിച്ചു കുടിച്ചുകൊണ്ടിരുന്നാല്‍ പോരെ? ‘നേര്‍പ്പിക്കുന്നതുകൊണ്ട് എന്താണു കുഴപ്പം’, ‘വെള്ള ചേര്‍ക്കുന്നതു മരുന്നിന്റെ ഡോസ് ക്രമീകരിക്കാനാവില്ലേ’, എന്നൊക്കെ ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ യഥാര്‍ത്ഥ നേര്‍പ്പിക്കല്‍ രീതിയെപ്പറ്റി കൂടുതല്‍ അറിഞ്ഞാല്‍ മതി. കോവിഡ്-19 നുള്ള ഹോമിയോപ്പതി പ്രതിരോധമരുന്നിന്റെ പേരാണ് ആഴ്‌സനിക്കം ആല്‍ബം 30C (Arsenicam album 30C). 30C എന്നതാണ് ഈ മരുന്നിന്റെ നേര്‍പ്പിക്കല്‍ അഥവാ പൊട്ടന്‍സി. 100 മില്ലിലിറ്ററിന്റെ ഒരു ജാറില്‍ 99 മില്ലിലിറ്റര്‍ വെള്ളവും 1 മില്ലിലിറ്റര്‍ മരുന്നും എടുത്തു കുലുക്കിയാല്‍ 1C പൊട്ടന്‍സി ലഭിക്കും. വീണ്ടും 99 മില്ലിലിറ്റര്‍ വെള്ളമെടുത്ത് ഒരു മില്ലിലിറ്റര്‍ 1C മരുന്നതില്‍ ലയിപ്പിച്ചാല്‍ 2C ആകും പൊട്ടന്‍സി. അങ്ങനെ 30C പൊട്ടന്‍സി എത്തുമ്പോഴേക്കും 1000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000, 000 ലിറ്റര്‍ ലായനിയില്‍ ഒരു മില്ലിലിറ്റര്‍ മാത്രമാകും മരുന്നുണ്ടാകുക. ഒന്നിന് ശേഷം 57 പൂജ്യങ്ങളുള്ള ഈ വലിയ സംഖ്യയെ X എന്നു വിളിക്കാം. ഭൂമിയിലെ സ്ഥിരതയുള്ള ഏറ്റവും സാന്ദ്രതയേറിയ (23 gm/ml) മൂലകമായ ഓസ്മിയം കൊണ്ടു മരുന്നുണ്ടാക്കിയാല്‍ പോലും ഒരു മില്ലി ലിറ്ററില്‍ 72, 000, 000, 000, 000, 000, 000, 000 തന്മാത്രകളേ അതിലുണ്ടാകൂ. ഈ സംഖ്യയെ Y എന്നും വിളിക്കാം. അപ്പോള്‍ 30C നേര്‍പ്പിച്ച ഒരു ലിറ്റര്‍ മരുന്നില്‍ എത്ര തന്മാത്രകള്‍ ഉണ്ടാകുമെന്നറിയാന്‍ Y യെ X കൊണ്ടു ഹരിച്ചാല്‍ മതിയല്ലോ. ഇതിന്റെ ഉത്തരം ഒരു തന്മാത്രയുടെ 7 കോടി, കോടി, കോടി, കോടി, കോടിയില്‍ ഒരംശം എന്നാണ്. വളരെ വളരെ ചെറിയ, ഏതാണ്ടു പൂജ്യത്തോട് അടുത്തുള്ളൊരു സംഖ്യയാണിത്. ചുരുക്കത്തില്‍, 30C പൊട്ടന്‍സിയില്‍ ഏത് ഹോമിയോപ്പതി മരുന്നെടുത്താലും അതിന്റെ ഒരു ലിറ്ററില്‍ യഥാര്‍ത്ഥ മരുന്നിന്റെ ഒരു തന്മാത്രപോലും ഉണ്ടാകാന്‍ സാധ്യതയില്ല! ഇനി ഒരു പഞ്ചസാര ഗുളികയില്‍ മരുന്നിന്റെ ഒരു തന്മാത്രയെങ്കിലും ഉണ്ടാകണമെങ്കില്‍ ആ പഞ്ചാരഗോളത്തിന് ഭൂമിയെക്കാള്‍ 12,000 മടങ്ങു വ്യാസമുണ്ടായിരിക്കണം. അതു ഭൂമിയെ തൊട്ടിരുന്നാല്‍ മറ്റേ ഭാഗം സൂര്യനില്‍ മുട്ടും!
നേര്‍പ്പിക്കല്‍ യുക്തിരഹിതവും അബദ്ധവുമാണെന്നു മനസിലാക്കിയ ഹോമിയോപ്പാത്തുകള്‍ അതിനെ ന്യായീകരിച്ചതു ജലത്തിന് ഓര്‍മശക്തി (water memory) ഉണ്ടെന്നു പറഞ്ഞുകൊണ്ടാണ്. വാട്ടര്‍ മെമ്മറി തിയറി പ്രകാരം കുലുക്കി നേര്‍പ്പിക്കുമ്പോള്‍ വെള്ളത്തിന് അതില്‍ ലയിച്ച പദാര്‍ത്ഥത്തെ ഓര്‍ത്തിരിക്കാന്‍ കഴിയുമെന്നവര്‍ വാദിച്ചു. അങ്ങനെയൊരു കഴിവു ജലത്തിന് ഉണ്ടായിരുന്നെങ്കില്‍ ഭൂമിയുടെ തുടക്കം മുതല്‍ ജലവുമായി മിശ്രണം ചെയ്യപ്പെട്ട സകലതിന്റെയും ഓര്‍മശക്തിയുണ്ടാകേണ്ടതല്ലേ? എപ്പോഴെങ്കിലും വിസര്‍ജ്യവും, വിഷങ്ങളും, ശവശരീരങ്ങളും ഒഴുകി നടന്ന വെള്ളമാണ് നമ്മള്‍ കുടിക്കുന്നത്. വാട്ടര്‍ മെമ്മറി ശരിയാണെക്കില്‍ ആ വസ്തുക്കളുടെ ഗുണങ്ങളും വെള്ളത്തിനുണ്ടാകണം! (മിഥുന്‍ കെ മധു എഴുതിയ ലേഖനത്തിന്റെ വിശദ വായനയ്ക്ക് click here)
ശെരിയോ തെറ്റോ


ശാസ്ത്രീയം എന്ന് തെറ്റായവതരിപ്പിച്ച ഒരു വിശ്വാസം അതായത് കപടശാസ്ത്രം (pseudoscience) മാത്രമാണ് ഇതെന്നും ഏതു തരം രോഗത്തിനായാലും ഹോമിയോ മരുന്നുകൾ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് ഫലപ്രദമല്ല എന്നും ആരോഗ്യമേഖലകളിൽ ഉള്ളവർ നിരവധി പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.
               ആസ്ത്രേലിയയിലെ ദേശീയ ആരോഗ്യ-വൈദ്യഗവേഷണ കൗൺസിലും ഇംഗ്ലണ്ടിലെ ഭരണസഭയും ശാസ്ത്ര-സാങ്കേതിക കമ്മിറ്റിയും സ്വിറ്റ്‌സർലാന്റിലെ ആരോഗ്യ മന്ത്രാലയവും ഹോമിയോപ്പതിയെ ഫലരഹിതമായിക്കണ്ട് ഇനി തുടർന്നു ഫണ്ടുകൾ നൽകേണ്ടതില്ലെന്ന നിഗമനങ്ങളിൽ എത്തി.
    റഷ്യൻ അക്കാദമി ഓഫ് സയൻസ് ഉൾപ്പെടെ പല രാജ്യങ്ങളും ഈ ചികത്സാരീതിക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും ഹോമിയോപ്പതി അംഗീകൃതമാണ്. കോവിഡ് 19 ന് എതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവൺമെന്റ് പോലും ഈ ചികിത്സാരീതി ശുപാർശ ചെയ്യുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കാനായി ഇപ്പോഴും നിരവധിപ്പേർ ഈ ചികിത്സാസമ്പ്രദായം സ്വീകരിച്ച് വരുന്നു!!!

below fold

bottom ad

new display theme